ചൈനയില്‍ 25 കുട്ടികള്‍ക്ക് വിഷം കൊടുത്ത കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയെ വധശിക്ഷയ്ക്കു വിധേയയാക്കി

ചൈനയില്‍ 25 കുട്ടികള്‍ക്ക് വിഷം കൊടുത്ത കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയെ വധശിക്ഷയ്ക്കു വിധേയയാക്കി

ബീജിങ്: ചൈനയില്‍ 25 വിദ്യാര്‍ഥികള്‍ക്ക് വിഷം കൊടുത്ത നഴ്‌സറി സ്‌കൂള്‍ അധ്യാപികയെ വധശിക്ഷയ്ക്കു വിധേയയാക്കി. വാങ് യൂന്‍ (40) എന്ന സ്ത്രീയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 2019 മാര്‍ച്ച് 27ന് ജിയോസുവോയിലെ മെങ്‌മെങ് കിന്റര്‍ ഗാര്‍ട്ടനിലാണ് സംഭവം. കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ മാരകമായ സോഡിയം നൈട്രേറ്റ് കലര്‍ത്തി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പത്തു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ഒരു കുട്ടി അവയവങ്ങളുടെ തകരാര്‍ മൂലം മരിച്ചു. മറ്റുള്ളവര്‍ സുഖം പ്രാപിച്ചു. ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച വാങ് രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിനും വിഷം നല്‍കിയിരുന്നു. ഓണ്‍ലൈനില്‍ നിന്നാണ് വിഷ പദാര്‍ത്ഥം വാങ്ങിയത്. എന്നാല്‍ നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ബോധപൂര്‍വം ഉപദ്രവിച്ചതിന് വാങ്ങിനെ ആദ്യം ഒമ്പത് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് 2020 സെപ്റ്റംബറില്‍ വധശിക്ഷയാക്കി മാറ്റുകയായിരുന്നു. വാങ്ങിന്റെ അപ്പീല്‍ കോടതി തള്ളിയിരുന്നു.

ഹെനാന്‍ പ്രവിശ്യയിലെ ജിയോസുവോയിലെ ഒന്നാം നമ്പര്‍ ഇന്റര്‍മീഡിയറ്റ് കോടതിക്ക് പുറത്ത് പതിച്ച നോട്ടീസില്‍ വാങ് യുനിന്റെ ശിക്ഷ നടപ്പാക്കിയതായി പറയുന്നു. സഹപ്രവര്‍ത്തകനുമായുള്ള തര്‍ക്കമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് അധ്യാപികയെ നയിച്ചത്.

സമീപ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണങ്ങള്‍ ചൈനയില്‍ പതിവായി മാറിയിരിക്കുകയാണ്. പ്രതികളില്‍ മിക്കവരും മാനസിക വിഭ്രാന്തിയുള്ളവരോ വ്യക്തികളോടോ സമൂഹത്തോടോ പകയുള്ളവരോ ആയിരിക്കും.

കഴിഞ്ഞയാഴ്ച്ച ചൈനയിലെ ഒരു കിന്റര്‍ഗാര്‍ട്ടനിലുണ്ടായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 25 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു.

സ്വകാര്യ തോക്കുകളുടെ ഉടമസ്ഥാവകാശം ചൈനയില്‍ നിയമവിരുദ്ധമാണ്, അതിനാല്‍ ആക്രമണങ്ങള്‍ നടത്താന്‍ കത്തികളും ഭവനങ്ങളില്‍ നിര്‍മ്മിച്ച സ്‌ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.