ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വര്‍ഷവും ജൂലൈ 16 നാണ് ഈ ദിനം ആചരിക്കുന്നത്. പാമ്പുകളെ മനസിലാക്കുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവാന്മാരാക്കാനും സ്ഥാപിതമായ ദിനമാണ് ഇന്ന്. പാമ്പുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റുക, പാമ്പുകള്‍കൂടി ഉള്‍ക്കൊള്ളുന്ന ആവാസ വ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തടയുക എന്നിവയാണ് ലോക പാമ്പ് ദിനാചരണത്തിന്റെ ലക്ഷ്യം.
നിര്‍ഭാഗ്യവശാല്‍ ലോക സൃഷ്ടികളില്‍ ഏറ്റവും തെറ്റിധരിക്കപ്പെടുന്ന ഒന്നാണ് പാമ്പുകള്‍. നീളമേറിയ പാമ്പുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിഷമുള്ളതെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. ലോകത്തിലെ മൊത്തം പാമ്പുകളുടെ ഏഴ് ശതമാനം മാത്രമേ വിഷമുള്ളവയുള്ളൂ. ബാക്കിയുള്ള 93 ശതമാനം പാമ്പുകളും വിഷമില്ലാത്തവയാണ്. 3,500 ലധികം ഇനം പാമ്പുകളാണ് ഭൂമിയിലുള്ളത്. അതില്‍ 600 ഓളം ഇനങ്ങള്‍ വിഷമുള്ളവയാണ്.
വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം പാമ്പുകള്‍ അവയുടെ കട്ടികൂടിയ തൊലി പൊഴിച്ചു കളയാറുണ്ട്. തൊലി പൊഴിച്ചു കളയുന്ന സമയത്ത് ഭക്ഷണമൊന്നും ശ്രദ്ധിക്കാതെ ഇവര്‍ എവിടെയെങ്കിലും ഒതുങ്ങി ഇരിക്കും.ആ സമയത്ത് അവരുടെ കണ്ണുകള്‍ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയതുമാകും. തൊലിയുരിയല്‍ കഴിഞ്ഞാല്‍ അവയുടെ കണ്ണുകള്‍ തെളിയുകയും തൊലി തിളക്കമുള്ളതാകുകയും ചെയ്യും.
പ്രധാനമായും ഏഴ് കുടുംബങ്ങളില്‍പ്പെട്ട പാമ്പുകളാണ് കേരളത്തില്‍ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെല്‍റ്റിഡേ, ബോയ്‌ഡേ എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തില്‍ വിഷമുള്ള ഇനം പാമ്പുകളും പെരുമ്പാമ്പുകള്‍ ഉള്‍പ്പെടുന്ന പൈത്തോണിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, യൂറോപെല്‍റ്റിഡേ, ബോയ്‌ഡേ എന്നീ അഞ്ച് ഇനങ്ങളില്‍ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ്.
കേരളത്തില്‍ നാലിനം പാമ്പുകള്‍ക്കാണ് മനുഷ്യജീവന്‍ അപഹരിക്കാന്‍ കഴിയുന്നത്. രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ (വെള്ളിക്കെട്ടന്‍), അണലി. ഒരു രാജാവിനെപ്പോലെ തലയുയര്‍ത്തി പകല്‍സമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി. മറ്റു മൂന്നു പാമ്പുകളും രാത്രി ഇര തേടുന്നു. ഓരോ പാമ്പും കടിക്കുമ്പോഴുണ്ടാകുന്ന വിഷത്തിന്റെ അളവിലും അതു ബാധിക്കുന്ന ശരീരാവയവങ്ങളിലും വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. രാജവെമ്പാല കടിച്ചാല്‍ 20 മുതല്‍ 25 മില്ലി വിഷം മിന്നല്‍ പോലെ രക്തം വഴി പടര്‍ന്ന് നാഡീവ്യവസ്ഥയെ ബാധിക്കും. എന്നാല്‍ ചേര പോലുള്ള പാമ്പുകള്‍ കടിച്ചാല്‍ മരണം സംഭവിക്കാറില്ല.
രാജവെമ്പാല, ചേനത്തണ്ടന്‍, ഇന്ത്യന്‍ മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ടമണ്ഡലി, മുഴമൂക്കന്‍ കുഴിമണ്ഡലി, ചോലമണ്ഡലി, മുളമണ്ഡലി, കുതിരക്കുളമ്പന്‍, കാട്ടു കുഴിമണ്ഡലി, മഞ്ഞവരയന്‍, മോണോക്ലെഡ് കോബ്ര, കാസ്പിയന്‍ കോബ്ര, സമര്‍ കോബ്ര, കേപ് കോബ്ര, ഫിലിപ്പൈന്‍ കോബ്ര, ഫോറസ്റ്റ് കോബ്ര, ഈജിപ്ഷ്യന്‍ കോബ്ര, റെഡ് സ്പിറ്റിങ്ങ് കോബ്ര, സ്പിറ്റിങ്ങ് കോബ്രകള്‍, സെറസ്റ്റസ്, ഏറ്റവും ഭാരമുള്ള വിഷപാമ്പായ ഗബൂണ്‍ അണലി, ലോകത്തിലെ ഏറ്റവും വേഗതയേറിയ പാമ്പായ ബ്ലാക്ക് മാമ്പ, ഇന്‍ലാന്‍ഡ് തായ്പാന്‍, കോസ്റ്റല്‍ തായ്പാന്‍, ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക്, ടൈഗര്‍ സ്‌നേക്ക്, മഞ്ഞക്കറുപ്പന്‍ പാമ്പ്, വലകടിയന്‍, നീലവരയന്‍, ഓര്‍ണേറ്റ് കടല്‍പ്പാമ്പ്, ചെറു കടല്‍പ്പാമ്പ്, ലാറ്റികൗട, ചിറ്റുളിപ്പാമ്പ്, റാറ്റില്‍സ്‌നേക് എന്നീ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ക്കാണ് ഉഗ്രവിഷമുള്ളത്.
റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ്, മലമ്പാമ്പ്, ഗ്രീന്‍ അനാക്കോണ്ട, ഇന്ത്യന്‍ ചേര, ഇരട്ടത്തലയന്‍, പച്ചിലപാമ്പ്, വെള്ളിവരയന്‍ പാമ്പ്, കാട്ടുപാമ്പ്, തെയ്യാന്‍ പാമ്പ്, നീര്‍ക്കോലി, ഇരുതലന്‍ മണ്ണൂലി, വലിയ മണ്ണൂലി, വിറ്റേക്കര്‍ മണ്ണൂലി, വില്ലൂന്നി, പൂച്ചക്കണ്ണന്‍, എണ്ണക്കുരുടി, വെള്ളിത്തളയന്‍, ആറ്റുവായ് പാമ്പ്, ചെളിക്കുട്ട, പച്ചനാഗം, നാഗത്താന്‍ പാമ്പ്, മൂവരയന്‍ ചുരുട്ട എന്നീ ഇനത്തില്‍പ്പെട്ടവ വിഷം ഇല്ലാത്തവയോ ഇടത്തരം വിഷം ഉള്ളവയോ ആണ്. ഈ പാമ്പുകളുടെ അക്രമണം ഉണ്ടായാല്‍ മരണം സംഭവിക്കണമെന്നില്ല.
പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടിക്കഴിഞ്ഞാല്‍ വിഷം രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അത് മരണം വരെ സംഭവിക്കാനും ഇടയാക്കും. ആദ്യം ചെയ്യേണ്ടത് ഓടാതെ സമാധാനത്തില്‍ ഒരിടത്തില്‍ ഇരിക്കുക എന്നതാണ്. ശേഷം കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെന്റീമീറ്റര്‍ മുകള്‍ ഭാഗത്തായി തുണിയോ വള്ളിയോ ഉപയോഗിച്ച് കെട്ടുക. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോവുക.
ചിലര്‍ പാമ്പ് കടിച്ച ഭാഗത്ത് രക്തം കളഞ്ഞ് കൂടുതല്‍ മുറിവ് ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്യരുത്. സമയം പാഴാക്കാതെ കാല്‍ കെട്ടി വച്ച ശേഷം ഉടനെ ഒരു ആശുപത്രിയിലേക്ക് കൊണ്ട് പോവുക. ആന്റിവെനം ഇല്ലാത്ത ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് പോയി സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. കടിച്ചത് ഏതു പാമ്പാണ് എന്ന് മനസിലാക്കാന്‍ സാധിച്ചാല്‍ ചികിത്സക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ മൂന്ന് വര്‍ഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണ നിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാല്‍ ആറു വര്‍ഷം തടവോ പിഴയോ ശിഷ ഏര്‍പ്പെടുത്തിയിരിക്കുന്നു.
ചേര, മൂര്‍ഖന്‍, അണലി, നീര്‍ക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളര്‍ത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു. വനത്തിന് പുറത്തു വച്ച് പാമ്പു കടിയേല്‍ക്കുന്നവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും വനം വകുപ്പ് നഷ്ടപരിഹാരം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.