അമേരിക്കയിലെ അലാസ്‌കയില്‍ ശക്തമായ ഭൂചലനം: തീവ്രത 7.4; സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്‌കയില്‍ ശക്തമായ ഭൂചലനം: തീവ്രത 7.4; സുനാമി മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ശക്തമായ ഭൂചലനം. 7.4 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പം അലാസ്‌കന്‍ പെനിന്‍സുല മൊത്തം അനുഭവപ്പെട്ടതായി അലാസ്‌ക ഭൂകമ്പ കേന്ദ്രം അറിയിച്ചു.

സംഭവത്തില്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അലാസ്‌ക പെനിന്‍സുലയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം അഗ്‌നിപര്‍വ്വത സ്ഫോടനം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചുകൊണ്ടുള്ള മറ്റൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഷിഷാല്‍ഡിന്‍ അഗ്‌നിപര്‍വ്വതത്തിന് സമീപമുള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അലാസ്‌കയ്ക്കു പുറമേ അല്യൂറ്റിയന്‍ ദ്വീപുകളിലും കൂക്ക് ഇന്‍ലറ്റ് മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടു. രണ്ടാഴ്ച്ച മുമ്പ് അലാസ്‌കയിലെ തന്നെ ആങ്കറേജില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പക്ഷേ ഇത് തീവ്രത കുറഞ്ഞതായിരുന്നു. ആര്‍ക്കും പരിക്കോ, നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിരുന്നില്ല.

പസഫിക് റിങ് ഓഫ് ഫയറില്‍ വരുന്ന ഭൂകമ്പസാധ്യതാ പ്രദേശത്താണ് അലാസ്‌കയുടെ സ്ഥാനം. 1964 മാര്‍ച്ചില്‍ അലാസ്‌കയില്‍ 9.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും തീവ്രമായതാണിത്. അന്നുണ്ടായ സുനാമിയില്‍ അലാസ്‌കന്‍ കടലിടുക്ക്, ഹവായ്, യുഎസിന്റെ പടിഞ്ഞാറന്‍ തീരം എന്നിവിടങ്ങളില്‍ സാരമായ നാശനഷ്ടമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.