മുതലപ്പൊഴി സംഘർഷം; ഫാദർ യൂജിൻ പെരേരയ്ക്കെതിരായ കേസുകൾ പിൻവലിച്ചേക്കും

മുതലപ്പൊഴി സംഘർഷം; ഫാദർ യൂജിൻ പെരേരയ്ക്കെതിരായ കേസുകൾ പിൻവലിച്ചേക്കും

തിരുവനന്തപുരം: മുതലാപ്പൊഴി സംഘർഷവുമായി ബന്ധപ്പെട്ട് ഫാദർ യൂജിൻ പെരേരയ്ക്കെതിരെയടക്കം രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചേക്കും. മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. തുടർ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം ഉണ്ടായേക്കും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജും പരിഗണയിലുണ്ട്. സ്ഥലത്ത് കൂടുതൽ ലൈഫ് ഗാർഡിനെ നിയോഗിക്കാനും ഡ്രഡ്ജിങ് വീഴ്ചയിൽ അദാനി ഗ്രൂപ്പുമായി ചർച്ച നടത്താനും തീരുമാനമായി.

അതേ സമയം മരിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മറ്റ് മന്ത്രിമാരുമായി യോഗം ചേർന്നശേഷം വിവരങ്ങൾ അറിയിക്കും. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണം പഠിച്ച് വേഗത്തിൽ മറ്റൊന്ന് നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ മരിച്ച കുഞ്ഞുമോൻ, റോബിൻ, ബിജു ആന്റണി, സുരേഷ് ഫെർണാണ്ടസ് എന്നിവരുടെ വീടുകൾ മന്ത്രി സന്ദർശിക്കുകയും ചെയ്തു.

അപകട സമയത്ത് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരെ വികാരി ജനറൽ യുജിൻ പെരേരയും മത്സ്യത്തൊഴിലാളികളും തടയുകയും കയർക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിനെതിരേ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ് കേസുകൾ പിൻവലിക്കാമെന്ന ആലോചന മന്ത്രിതല യോഗത്തിൽ ഉയർന്നു വന്നത്.

കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള സാഹചര്യത്തിൽ കോടതിയിൽനിന്ന് അത് പിൻവലിക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നതിനു ശേഷമേ തീരുമാനം ഉണ്ടാകൂ. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ കേസ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേ സമയം മുതലപ്പൊഴി അപകടത്തിൽ പ്രതിപക്ഷ സമരം ശക്തമാക്കാനായി തീരുമാനിച്ചിട്ടുണ്ട്. ലത്തീൻ സഭയും സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാറിൻറെ അടിയന്തിര ഇടപെടൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.