'ചെലവ് താങ്ങാനാകില്ല': കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തില്‍നിന്ന് പിന്മാറുന്നുവെന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം

'ചെലവ് താങ്ങാനാകില്ല': കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തില്‍നിന്ന് പിന്മാറുന്നുവെന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം

മെല്‍ബണ്‍: ചെലവ് താങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടി 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ നിന്നും പിന്മാറുന്നതായി ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയ. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന് ആകെ ചിലവാകുന്ന തുക ഏകദേശം ഏഴു ബില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ്. ഇത് വഹിക്കാന്‍ തങ്ങള്‍ക്ക് സാധിക്കാത്തത് കൊണ്ടാണ് പിന്മാറ്റമെന്ന് വിക്ടോറിയന്‍ ഭരണകൂടം അറിയിച്ചു.

സംഘാടനത്തില്‍ നിന്നും വിക്ടോറിയ പിന്മാറിയതോടെ 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാവി അനിശ്ചിതത്വത്തിലായി. മൂന്നു വര്‍ഷത്തിനകം അടുത്ത വേദി കണ്ടെത്തേണ്ട സ്ഥിതിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍.

മുന്‍ നിശ്ചയിച്ച തുകയില്‍ നിന്നും പുതിയ എസ്റ്റിമേറ്റ് തുക ഉയര്‍ത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിക്ടോറിയന്‍ ഭരണകൂടം അറിയിക്കുന്നത്. ഈ തുക കണ്ടെത്തി ഗെയിംസ് സംഘടിപ്പിച്ചാല്‍ തങ്ങള്‍ക്ക് അത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ (മുഖ്യമന്ത്രി) ഡാനിയല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

സംസ്ഥാനത്തെ നാല് മേഖലകളിലായി 12 ദിവസമായി നടത്താനിരുന്ന ഗെയിംസിന്റെ ചെലവ്, സംസ്ഥാനത്തിന് ലഭിക്കുമെന്ന് കരുതുന്ന സാമ്പത്തിക നേട്ടത്തേക്കാള്‍ ഏറെ ബാധ്യതയായിരിക്കുമെന്ന് ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഗെയിംസ് സംഘടിപ്പിക്കുന്നതിന് പകരം വിക്ടോറിയയില്‍ 1300 പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത് പോലുള്ള മറ്റ് പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026-ല്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരമായ കായിക സൗകര്യങ്ങളും സര്‍ക്കാര്‍ നിര്‍മ്മിക്കും. ഈ പദ്ധതികള്‍ സംസ്ഥാനത്തുടനീളം ഏകദേശം 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും പ്രീമിയര്‍ പറഞ്ഞു.

ഗീലോങ്, ബെന്‍ഡിഗൊ, ബല്ലാരത്ത്, ഗിപ്സ്ലാന്‍ഡ്, ഷെപ്പാര്‍ട്ടണ്‍ എന്നീ വിക്ടോറിയന്‍ നഗരങ്ങളില്‍, 2.6 ബില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ചിലവില്‍ ഗെയിംസ് സംഘടിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചിലവ് ഉയര്‍ത്താനുള്ള അധികൃതരുടെ തീരുമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വിക്ടോറിയ പിന്മാറിയതോടെ ഇതേ തുകയ്ക്ക് പുതിയ വേദി കണ്ടെത്തുക സംഘാടകര്‍ക്ക് പ്രയാസമായിരിക്കും.

പകരം വേദി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് റദ്ദാക്കേണ്ടി വരും. ഇതിന് മുന്‍പ് രണ്ട് തവണ മാത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് റദ്ദാക്കിയിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് 1942ലും 1946ലും ഗെയിംസ് നടത്തിയിരുന്നില്ല. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ 2022ലാണ് ഒടുവില്‍ ഗെയിംസ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.