'രാജ്യത്തെ പുതിയ സേവനങ്ങള്‍ക്കെല്ലാം ഇന്ത്യ എന്ന പേരിട്ടത് മോഡി'; 'ഇന്ത്യ' തിരുത്തിയ അസം മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ജയറാം രമേശ്

'രാജ്യത്തെ പുതിയ സേവനങ്ങള്‍ക്കെല്ലാം ഇന്ത്യ എന്ന പേരിട്ടത് മോഡി'; 'ഇന്ത്യ' തിരുത്തിയ അസം മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ജയറാം രമേശ്

ന്യൂഡല്‍ഹി: ട്വിറ്റര്‍ ബയോയിലെ ഇന്ത്യ എന്നത് തിരുത്തി ഭാരതമാക്കി മാറ്റിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഡിജിറ്റല്‍ ഇന്ത്യ മുതല്‍ ടീം ഇന്ത്യ വരെ ഇന്ത്യയെന്ന പേര് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചയാള്‍ നരേന്ദ്ര മോഡിയായിരിക്കുമെന്നും കൊളോണിയല്‍ മനസ്ഥിതിയെ പറ്റി മോഡിയോടാണ് പറയണ്ടെതെന്നും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

മാത്രമല്ല ഇങ്ങനെ കിട്ടാത്ത മുന്തിരി കുറേയധികം അസം മുഖ്യമന്ത്രിയുടെ കൈവശമുണ്ടാകുമെന്നും ജയറാം രമേശ് പരിഹസിച്ചു. അസം മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവായ നരേന്ദ്ര മോഡി തന്നെയാണ് രാജ്യത്തെ പുതിയ സേവനങ്ങള്‍ക്കെല്ലാം സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പേരുകളിട്ടത്. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചതും അദ്ദേഹമാണ്. വോട്ട് ഇന്ത്യ എന്ന് ആഹ്വാനം ചെയ്തതും അദ്ദേഹം തന്നെയാണ്.

എന്നാല്‍ രാജ്യത്തെ 26 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്ന് ഇന്ത്യ എന്ന സഖ്യം രൂപീകരിച്ചപ്പോള്‍ അത് കൊളോണിയല്‍ മനസ്ഥിതിയാണ് പോലും. അത് നിങ്ങളുടെ ബോസിനോട് പോയി പറഞ്ഞാല്‍ മതിയെന്നായിരുന്നു ജയറാം രമേശ് കുറിച്ചത്.

പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടതിന് പിന്നാലെയായിരുന്നു ട്വിറ്റര്‍ ബയോയില്‍ ഹിമന്ത ബിശ്വ ശര്‍മ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കിയത്. പഴയ ബയോയില്‍ ഹിമന്ത ബിശ്വ ശര്‍മ, അസം മുഖ്യമന്ത്രി ഇന്ത്യ എന്നായിരുന്നു. ഇത് തിരുത്തി അസം മുഖ്യമന്ത്രി ഭാരത് എന്നാക്കി മാറ്റി. ബ്രിട്ടീഷുകാരാണ് നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കി മാറ്റിയതെന്നും കൊളോണിയല്‍ ആധിപത്യത്തിന്റെ ശേഷിപ്പുകളില്‍ നിന്ന് സ്വയം മോചിതരാകണമെന്നുമായിരുന്നുമായിരുന്നു ഹിമന്തയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.