ന്യൂഡൽഹി: ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.
ജസ്റ്റിസ് ഭട്ടി സുപ്രീം കോടതിയിലെത്തിയതോടെ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസാക്കിയിരുന്നു. ജസ്റ്റിസ് സുനിത അഗർവാളാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
ഗുജറാത്ത് ഹൈക്കോടതിയിൽ 1983 മുതൽ 89 വരെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ് എ.ജെ. ദേശായി. 1962 ജൂലൈ അഞ്ചിന് വഡോദരയിൽ ജനിച്ച അദ്ദേഹം അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽ.എ. ഷാ ലോ കോളജിൽ നിന്ന് നിയമ പഠനവും പൂർത്തിയാക്കി.
ശേഷം 1985 ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2011 നവംബർ 21 ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി.
അലഹാബാദ് ഹൈക്കോടതിയിൽ ജഡ്ജി ആയിരിക്കെയാണ് ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിയത്. ഇതോടെ നിലവിൽ രാജ്യത്തെ ഏക വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത.
ഒഡിഷയിലെ ജസ്റ്റിസ് സുഭാസിസ് തലാപത്രയെ അതേ ഹൈക്കോടതിയിലെയും കർണാടകത്തിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.