പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ കടല്‍തീരത്തടിഞ്ഞ നിഗൂഢ വസ്തു ചന്ദ്രയാന്റെയല്ല; പഴയ റോക്കറ്റിന്റെ അവശിഷ്ടമെന്നു നിഗമനം

പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ കടല്‍തീരത്തടിഞ്ഞ നിഗൂഢ വസ്തു ചന്ദ്രയാന്റെയല്ല; പഴയ റോക്കറ്റിന്റെ അവശിഷ്ടമെന്നു നിഗമനം

പെര്‍ത്ത്: പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ കടല്‍തീരത്തടിഞ്ഞ നിഗൂഢ വസ്തു ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടമെന്നു (സ്‌പേസ് ജങ്ക്) നിഗമനം. ലോഹനിര്‍മിത വസ്തു കടല്‍തീരത്തു നിന്ന് നീക്കം ചെയ്തെങ്കിലും അതിന്റെ ഉത്ഭവം ഇപ്പോഴും അവ്യക്തമായി നിലനില്‍ക്കുകയാണ്.

പെര്‍ത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഗ്രീന്‍ ഹെഡ് ബീച്ചില്‍ അടിഞ്ഞ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള വസ്തുവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി. കടല്‍തീരത്തടിഞ്ഞ വസ്തുവിനെ ചൊല്ലി നിരവധി ഊഹാപോഹങ്ങളാണു പ്രചരിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ വിക്ഷേപണ റോക്കറ്റില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇതെന്ന മട്ടിലും പ്രചാരണമുണ്ടായി. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി തള്ളിക്കളഞ്ഞു.

സിലിണ്ടര്‍ മാതൃകയിലുള്ള വസ്തുവിന് 2.5 മീറ്റര്‍ വീതിയും 2.5 മീറ്ററിനും 3 മീറ്ററിനും ഇടയില്‍ നീളവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാഗികമായി സ്വര്‍ണ നിറത്തിലുള്ള മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച വസ്തു ഏതെങ്കിലും വിദേശ രാജ്യം വിക്ഷേപിച്ച ബഹിരാകാശ വാഹനത്തിന്റെ ഭാഗമായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സി പറയുന്നു. തുരുമ്പെടുത്ത നിലയിലുള്ള വസ്തു കടല്‍ ജീവികള്‍ പൊതിഞ്ഞ നിലയിലായിരുന്നു. അതിനാല്‍ വസ്തുവിന് പഴക്കമുണ്ടെന്നാണ് അനുമാനം.

പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുമെന്ന ഭയം കാരണം അജ്ഞാത വസ്തുവിന് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. അതേസമയം, 2014-ല്‍ 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗമായിരിക്കുമെന്ന അഭിപ്രായം അധികൃതര്‍ തള്ളിക്കളഞ്ഞു.

സമുദ്രം, വ്യോമയാനം, പ്രതിരോധം, ബഹിരാകാശ വ്യവസായം എന്നീ മേഖലകളിലെ ദേശീയ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത വസ്തു റോക്കറ്റിന്റെ ഭാഗമായിരിക്കുമെന്ന നിഗമനത്തിലെത്തിയത്.

ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിക്കാണ് അജ്ഞാത വസ്തുവിനെ തിരിച്ചറിയാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബഹിരാകാശ അവശിഷ്ടമാണെന്ന നിഗമനത്തിലെത്തിയതിനാല്‍ അജ്ഞാത വസ്തു സമൂഹത്തിന് അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍ എടുത്തതായി പോലീസ് വക്താവ് പറഞ്ഞു.

അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയമായിരുന്ന സ്‌കൈലാബിന്റെ കൂറ്റന്‍ ഭാഗങ്ങള്‍ 1979 ജൂലൈ 11ന് ഓസ്‌ട്രേലിയയ്ക്കു സമീപം ഭൂമിയില്‍ പതിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് പേടിച്ചതു പോലെ ആര്‍ക്കും പരിക്ക് പറ്റിയില്ല. ഇന്നും ഓസ്‌ട്രേലിയന്‍ മ്യൂസിയങ്ങളില്‍ സ്‌കൈലാബിന്റെ അവശേഷിപ്പുകള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.