മെക്സികോ സിറ്റി: മെക്‌സിക്കോയില്‍ ഉപേക്ഷിക്കപ്പെട്ട കണ്ടെയ്‌നര്‍ ട്രക്കില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയ 148 അനധികൃത കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ സംസ്ഥാനമായ വെരാക്രൂസിലെ മിനാറ്റിറ്റ്‌ലാന്‍ എന്ന നഗരത്തില്‍, ഹൈവേയുടെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ നിന്നാണ് ഇത്രയും പേരെ കണ്ടെത്തിയതെന്ന് മെക്സികോ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ അറിയിച്ചു. കൊടും ചൂടില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ തിങ്ങിനിറഞ്ഞ് അവശരായ നിലയിലായിരുന്നു 23 കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികള്‍. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറാനെത്തിയ സംഘമാണ് ട്രക്കിലുണ്ടായിരുന്നത്
മെക്‌സികോ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ (ഐ.എന്‍.എം) അധികൃതരാണ് കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കള്‍ ഒപ്പമില്ലാതെയാണ് 23 കുട്ടികള്‍ ട്രക്കിലുണ്ടായിരുന്നത്. കൊടുംചൂടില്‍ ജീവന്‍ പോലും അപകടകരമായ നിലയിലായിരുന്നു കുടിയേറ്റക്കാരെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ പറഞ്ഞു. ട്രക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവര്‍ ഒളിവിലാണെന്നും ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും ഐ.എന്‍.എം കൂട്ടിച്ചേര്‍ത്തു.
ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് ട്രക്കിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ 148 പേരില്‍ സ്ത്രീകളും പുരുഷന്മാരും 23 കുട്ടികളുമാണുണ്ടായിരുന്നത്. അതില്‍ 115 പേര്‍ 44 കുടുംബങ്ങളിലെ അംഗങ്ങളാണ്.
'അവശരായ കുടിയേറ്റക്കാരുടെ ആരോഗ്യനില പരിശോധിക്കുകയും അവര്‍ക്ക് പ്രാഥമികമായ സഹായം നല്‍കുകയും ചെയ്തു. പ്രായപൂര്‍ത്തിയായവരെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കായി കൊണ്ടുപോയി. മുതിര്‍ന്നവര്‍ ഒപ്പമില്ലാത്ത കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള അറ്റോര്‍ണി ഓഫീസിന്റെ കീഴില്‍ സംരക്ഷണമൊരുക്കും' - ഐ.എന്‍.എം അറിയിച്ചു.
മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കോയും യു.എസും ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും നിരവധി പേരാണ് സുരക്ഷാസേനയുടെ കണ്ണു വെട്ടിച്ച് അമേരിക്കയിലേക്ക് കുടിയേറാനായി മെക്സിക്കോയിലെത്തുന്നത്. ഇവരെ അനധികൃതമായ രീതിയില്‍ യു.എസ് അതിര്‍ത്തിയില്‍ എത്തിക്കാനായി നിരവധി മനുഷ്യക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കയിലെ ടെക്‌സസില്‍ ട്രക്കിനുള്ളില്‍ 42 അഭയാര്‍ത്ഥികളെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയായ സാന്‍ അന്റോണിയോയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
എയര്‍ കണ്ടീഷന്‍ സൗകര്യമോ വെള്ളമോ അവശ്യവസ്തുക്കളോ ഒന്നും തന്നെ അന്ന് ട്രക്കിനുള്ളില്‍ ഉണ്ടായിരുന്നില്ല.
2021ല്‍ രണ്ട് ട്രെയിലറുകളിലായി 600 പേരെ ഒളിപ്പിച്ച നിലയില്‍ മെക്‌സിക്കന്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. അതേവര്‍ഷം തന്നെ തെക്കന്‍ മെക്സിക്കോയില്‍ ട്രക്ക് നിയന്ത്രണം വിട്ട് പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ കുട്ടികളുള്‍പ്പെടെ 55 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് നൂറിലധികം പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ ദാരിദ്ര്യം, രാഷ്ട്രീയ അസ്ഥിരത, അഴിമതി, തൊഴിലവസരങ്ങളുടെ അഭാവം എന്നിവ ചൂണ്ടിക്കാട്ടിയാണ് മനുഷ്യക്കടത്ത് സംഘങ്ങള്‍ അഭയാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.