ന്യൂഡൽഹി: പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ശാസ്ത്ര നിരീക്ഷകർ ഒന്നടങ്കം കാത്തിരുന്ന സൂര്യഗ്രഹണവും എത്തുന്നു. ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണത്തിന് നാളെ ലോകം സാക്ഷിയാവും. ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണ് ഇത്. ആകാശത്ത് ഏതാനും മണിക്കൂറുകൾ മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണം സെപ്റ്റംബർ 21, 22 തീയതികളിലാണ് (ഞായർ, തിങ്കൾ) നടക്കുക.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ചന്ദ്രന്‍റെ ചലനം മൂലമുണ്ടാകുന്നതാണ് സൂര്യഗ്രഹണം. പൂർണ ഗ്രഹണമായിരിക്കില്ലെങ്കിലും ആഴത്തിലുള്ള ഭാഗിക ഗ്രഹണമാണ് നടക്കുക. സൂര്യന്റെ 86 % ഭാഗം വരെ ഗ്രഹണസമയത്ത് ചന്ദ്രൻ മൂടും. EarthSky.org ൽ നിന്നുള്ള ഡാറ്റ അനുസരിച്ച് ഗ്രഹണം മണിക്കൂറുകളോളം നീണ്ടുനിൽക്കും.
അന്താരാഷ്ട്ര സമയക്രമം (UTC) 17:29ന് (ഇന്ത്യയില്‍ സെപ്റ്റംബർ 21 രാത്രി 10.59) ആരംഭിക്കുന്ന ഗ്രഹണം 19:41ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22 ,1:11 am) ഉച്ചസ്ഥായിയിലെത്തും. 21:53ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22, 3:23 am) അവസാനിക്കുകയും ചെയ്യും.
ഗ്രഹണം എവിടെയൊക്കെ കാണാനാകും?
ഇന്ത്യയിൽ രാത്രിയായതിനാൽ ഗ്രഹണം കാണാനാകില്ല. ന്യൂസിലൻഡ്, അന്റാർട്ടിക്ക, ദക്ഷിണ പസഫിക് മേഖല എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ അമേരിക്ക, വടക്കേ അമേരിക്ക എന്നിവ ഉൾപ്പെടെയുള്ള വടക്കൻ അർദ്ധഗോളത്തിലും ഗ്രഹണം ദൃശ്യമാകില്ല.
അടുത്ത സൂര്യഗ്രഹണം എപ്പോൾ?
2026 ഫെബ്രുവരിയിലും ഓഗസ്റ്റിനും സൂര്യഗ്രഹണത്തിന് ലോകം സാക്ഷിയാകും. എന്നാൽ, 2027 ഓഗസ്റ്റ് രണ്ടിനാണ് ഇനി അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. ഏകദേശം ആറ് മിനിറ്റ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നാണ് വരാനിരിക്കുന്നത്. ഇന്ത്യയിലെ 2025 സെപ്റ്റംബറിലെ ഗ്രഹണം കാണാൻ താൽപര്യമുള്ളവർക്ക് ഗ്ലോബൽ ലൈവ് സ്ട്രീമുകളും നിരീക്ഷണ ദൃശ്യങ്ങളും പിന്തുടരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.