ജപ്പാനില്‍ ട്രെയിനിനുള്ളില്‍ കത്തി ആക്രമണം: മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ജപ്പാനില്‍ ട്രെയിനിനുള്ളില്‍ കത്തി ആക്രമണം: മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ട്രെയിനിനുള്ളില്‍ കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തില്‍ ട്രെയിന്‍ കണ്ടക്ടര്‍ക്കും മുതിര്‍ന്ന പൗരന്‍ ഉള്‍പ്പെടെ രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒസാക്ക മേഖലയിലെ റിങ്കു ടൗണ്‍ സ്റ്റേഷനിലായിരുന്നു സംഭവം. 20 വയസുള്ള രണ്ട് യുവാക്കള്‍ക്കും 70 കാരനുമാണ് കുത്തേറ്റത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റിങ്കു ടൗണ്‍ സ്റ്റേഷനില്‍ വെച്ച് 37 വയസുകാരനായ പ്രതിയെ പൊലീസ് പിടികൂടി. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ കയ്യില്‍ മൂന്ന് കത്തികളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.

ഇതിനു മുമ്പ് 2021-ലെ ഹാലോവീന്‍ ദിനത്തില്‍, ബാറ്റ്മാന്‍ സീരീസിലെ പ്രധാന വില്ലനായ ജോക്കറിന്റെ വേഷം ധരിച്ച് വന്ന ഒരു യുവാവ് ടോക്കിയോയില്‍ ട്രെയിനില്‍ വെച്ച് ഒരാളെ കുത്തിപരിക്കേല്‍പ്പിക്കുകയും യാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.