സോണിയാ ഗാന്ധി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാജ്യസഭാംഗമാകുന്നത് വീടിനു വേണ്ടി

 സോണിയാ ഗാന്ധി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാജ്യസഭാംഗമാകുന്നത് വീടിനു വേണ്ടി

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചന നല്‍കിയ സോണിയാ ഗാന്ധിയെ രാജ്യസഭാംഗമാക്കാന്‍ കോണ്‍ഗ്രസ് നീക്കം. നിലവില്‍ യു.പിയിലെ റായ്ബറേലി എം.പിയാണ് സോണിയാ ഗാന്ധി. ലോക്സഭാംഗത്വം ഇല്ലാതായാല്‍ സോണിയയുടെ 10 ജന്‍പഥ് വസതി നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കൂടിയാണിത്.

അയോഗ്യത കല്‍പ്പിക്കപ്പെട്ടതോടെ സര്‍ക്കാര്‍ വസതിയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ ഇവിടെയാണ് താമസം. രാഹുലിന്റെയും പ്രിയങ്കയുടെയും ഓഫീസുകളും ഇവിടെയുണ്ട്. പുതിയ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ അധ്യക്ഷയായി പരിഗണിക്കുന്ന സോണിയ പാര്‍ലമെന്റ് അംഗമായി തുടരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.

കര്‍ണാടകയില്‍ 2024 ഏപ്രിലില്‍ വരുന്ന നാല് ഒഴിവുകളില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റുകളിലൊന്ന് സോണിയയ്ക്ക് നല്‍കാമെന്ന് പ്രതിപക്ഷ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി പ്രതികരിച്ചിട്ടില്ല.

അടുത്ത തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സോണിയയ്ക്ക് പകരം മകളും യു.പി ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിലവില്‍ സയ്യിദ് നാസീര്‍ ഹുസൈന്‍, ഡോ. എല്‍. ഹനുമന്തയ്യ, ജി.സി. ചന്ദ്രശേഖര്‍ എന്നിവരാണ് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങള്‍. ഇതില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സഹായിയായ നാസിര്‍ ഹുസൈനെ നിലനിറുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.