അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1,86,375 വാഹനാപകടങ്ങള്‍; ജീവന്‍ നഷ്ടമായത് 19,460 പേര്‍ക്ക്: അപകടങ്ങള്‍ കൂടുതൽ എറണാകുളത്ത്

അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1,86,375 വാഹനാപകടങ്ങള്‍; ജീവന്‍ നഷ്ടമായത് 19,460 പേര്‍ക്ക്: അപകടങ്ങള്‍ കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,86,375 വാഹനാപകടങ്ങള്‍. ഈ അപകടങ്ങളിലായി 2,08,543 പേര്‍ക്ക് പരിക്ക് സംഭവിച്ചപ്പോള്‍ 19,460 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും സംസ്ഥാന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ 2022 വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. കുറവ് വയനാട് ജില്ലയിലും. 

എറണാകുളം ജില്ലയിലുണ്ടായ 27,590 വാഹനാപകടങ്ങളിലായി 2,197 ജീവനുകള്‍ നഷ്ടമായി. 29,332 പേര്‍ക്ക് പരിക്ക് പറ്റി. ഗ്രാമമേഖലയിലാണ് കൂടുതല്‍ അപകടങ്ങളും മരണങ്ങളും സംഭവിച്ചത്. 17,239 അപകടങ്ങളില്‍ 1,503 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളതും എറണാകുളം റൂറല്‍ ഏരിയയിലാണ്. 

തൊട്ടുപിന്നിലുള്ള ആലപ്പുഴ ജില്ലയില്‍ 16,230 വാഹനാപകടങ്ങളിലായി 1,693 പേര്‍ മരിക്കുകയും 18,638 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും ആലപ്പുഴയിലാണ്. ഏറ്റവും കുറവ് അപകടങ്ങള്‍ ഉണ്ടായിട്ടുള്ള വയനാട് ജില്ലയില്‍ 3,102 അപകടങ്ങളിലായി 321 പേര്‍ മരിക്കുകയും 3,837 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകട മരണ നിരക്കില്‍ 12.01 ശതമാനവുമായി മുന്നിലുള്ളത് പാലക്കാട് ജില്ലയാണ്. 10,914 അപകടങ്ങളിലായി 1,643 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയില്‍ 11,907 അപകടങ്ങളിലായി മരണം സംഭവിച്ചത് 1,589 പേര്‍ക്ക്. 10.79 ശതമാനമാണ് ജില്ലയിലെ മരണ നിരക്ക്. ഏറ്റവും കുറവ് മരണ നിരക്കുള്ള എറണാകുളം സിറ്റിയില്‍ 10,351 അപകടങ്ങളിലായി 694 മരണങ്ങള്‍ സംഭവിച്ചു. 6.34 ശതമാനമാണ് മരണ നിരക്ക്. 

ജനുവരി മാസങ്ങളിലാണ് അപകടങ്ങള്‍ കൂടുതലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-22 വരെ ശരാശരി 3802 അപകടങ്ങളാണ് ജനുവരി മാസങ്ങളിലുണ്ടായത്. ഓഗസ്റ്റ് മാസത്തിലാണ് കുറവ്. 67 ശതമാനം അപകടങ്ങളുടെയും മൂല കാരണം അശ്രദ്ധയോടെയുള്ള ഡ്രൈവിങാണ്. 97,966 അപകടങ്ങളാണ് അശ്രദ്ധമായ ഡ്രൈവിങ് മൂലം അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത്. മദ്യപിച്ച് വാഹനം ഓടിച്ച് 429 അപകടങ്ങളും റോഡിന്റെ മോശം അവസ്ഥകാരണം 220 അപകടങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ 124 അപകടങ്ങളും കാല്‍നടയാത്രക്കാരുടെ അശ്രദ്ധമൂലം 109 അപകടങ്ങളും സംഭവിച്ചു. 5,678 അപകടങ്ങളുടെ കാരണം വ്യക്തമല്ല.  

ആകെ അപകടങ്ങളില്‍ 39.72 ശതമാനവും ഇരുചക്ര വാഹനാപകടങ്ങളാണ്. 76,734 അപകടങ്ങളിലായി 7,733 മരണങ്ങള്‍ സംഭവിച്ചു. 53,519 കാര്‍ അപകടങ്ങളും 9,695 ബസ് അപകടങ്ങളും 15,422 മുചക്രവാഹനാപകടങ്ങളും സംസ്ഥാനത്തുണ്ടായി. കെഎസ്ആര്‍ടിസി ബസുകളുടെ ഭാഗത്താണ് അപകടങ്ങള്‍ കുറവ്. 3.03 ശതമാനം. 1.55 ശതമാനം പേരാണ് കെഎസ്ആര്‍ടിസി ബസ് അപകടങ്ങളില്‍ മരണപ്പെട്ടത്. കൂടതല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് രാത്രി വൈകുന്നേരം ആറ് മുതല്‍ രാത്രി ഒന്‍പത് വരെയുള്ള സമയങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.