ന്യൂഡല്‍ഹി: മെയ്‌തേയികള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ വിഘടന വാദികളായ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) രംഗത്തെത്തിയതോടെ മണിപ്പൂര്‍ കലാപം അയല്‍ സംസ്ഥാനമായ മിസോറമിലും അശാന്തി പടര്‍ത്തുന്നു.
ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്നാണ് എം.എന്‍.എഫ്, മെയ്‌തേയി വിഭാഗക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മണിപ്പൂരില്‍ നിന്ന് ജോലിക്കും മറ്റുമായി മിസോറമിലെത്തിയവരാണിവര്‍. ഇതോടെ മെയ്‌തേയികള്‍ കൂട്ടത്തോടെ മിസോറമില്‍ നിന്ന് സ്വദേശത്തേക്കും അസമിലേക്കും പലായനം തുടങ്ങി.
റോഡ് മാര്‍ഗമുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഇവര്‍ക്കായി ഞായറാഴ്ച മണിപ്പുരിലെ ബീരേന്‍ സിങ് സര്‍ക്കാര്‍ പ്രത്യേക വിമാനങ്ങളും ഏര്‍പ്പെടുത്തി. ശനിയാഴ്ച അറുപതോളം മെയ്‌തേയികള്‍ വിമാന മാര്‍ഗം തിരിച്ചെത്തിയിരുന്നു. 41 പേരാണ് അസമിലെത്തിയത്.
മിസോറം സമാധാനക്കരാറിന്റെ ഭാഗമായി സമാധാനത്തിന്റെ പാതയിലേക്കുതിരിഞ്ഞ എം.എന്‍.എഫിന്റെ 'ദ പീസ് അക്കോഡ് എം.എന്‍.എഫ് റിട്ടേണീസ് അസോസിയേഷന്‍' (പി.എ.എം.ആര്‍.എ.) ആണ് ശനിയാഴ്ച മെയ്‌തേയികളോട് സംസ്ഥാനം വിടാന്‍ ആവശ്യപ്പെട്ടത്.
മണിപ്പുരിലെ ആക്രമികളുടെ കാടത്തവും ക്രൂരതയും നിറഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മിസോറമിലെ യുവാക്കള്‍ രോഷാകുലരാണെന്നും ഈ സാഹചര്യത്തില്‍ മെയ്‌തേയികള്‍ സംസ്ഥാനത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും പി.എ.എം.ആര്‍.എ. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വര്‍ഗ ബന്ധമുള്ളലരാണ് മിസോ വിഭാഗക്കാരും കുക്കികളും. മ്യാന്‍മാറില്‍ നിന്നുള്ള ചിന്‍സും ബംഗ്ലാദേശില്‍ നിന്നുള്ള ചിന്‍-കുക്കിസും ചേര്‍ന്നതാണ് മിസോറമിലുള്ളവര്‍. സര്‍വകലാശാലയിലെ അധ്യാപകരടക്കം രണ്ടായിരത്തോളം മണിപ്പുരികള്‍ മിസോറാമിലുണ്ട്.
അക്രമം വ്യാപിച്ചതോടെ 12,584 കുക്കികളും മിസോറമില്‍ അഭയം തേടിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ആശങ്കാകുലരാണ്. പലരും വാടകവീടുകളില്‍ സാധനങ്ങളെല്ലാം ഉപേക്ഷിച്ചാണ് സ്ഥലം വിടുന്നത്.
പി.എം.ആര്‍.എം.എയുടെ പ്രസ്താവനയ്ക്കുപിന്നാലെ തലസ്ഥാനമായ ഐസ്വാളിലുള്‍പ്പെടെ മിസോറം സര്‍ക്കാര്‍ കനത്തസുരക്ഷ ഒരുക്കി. മെയ്‌തേയികളുടെ സുരക്ഷ ഉറപ്പാക്കന്‍ നടപടി ആവശ്യപ്പെട്ട് മിസോറം ആംഡ് ബറ്റാലിയനും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും മിസോറം ഡി.ഐ.ജി ലല്ലിയന്‍ മാവിയ കത്ത് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.