ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപ മേഖലകളില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) സംഘം സന്ദര്‍ശനം നടത്തി. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് കലാപ മേഖലയിലെത്തിയത്. അക്രമങ്ങള്‍ നടന്ന പള്ളികളിലും സഭാ സ്ഥാപനങ്ങളിലും സംഘം സന്ദര്‍ശിച്ചു. അക്രമണത്തിന് ഇരകളായവരുമായി സംസാരിച്ച ശേഷം അവരെ ആശ്വസിപ്പിച്ചു.
കലാപം കത്തിപ്പടരുമ്പോഴും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മൗനം ആശങ്കപ്പെടുത്തുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കലാപം തുടരുന്നതില്‍ കടുത്ത ദുഖമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയും വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്കും നേരേയും നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ മതനിരപേക്ഷത ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറാകണമെന്നും ജൂലൈ 23, 24 തീയതികളില്‍ നടത്തിയ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം നല്‍കിയ പ്രസ്താവനയില്‍ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
മണിപ്പൂരില്‍ കലാപം തുടരുന്ന കാക് ചിംഗ്, സുഖ്‌നു മേഖല, ഫുഖാവോ, കാഞ്ചിപുര്‍, സംഗായിപ്രോ മേഖലകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. കലാപകാരികള്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്ത വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും സംഘം സന്ദര്‍ശിച്ചു. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കൂടാതെ ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലൂമന്‍, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജെര്‍വിസ് ഡിസൂസ, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. പോള്‍ മൂഞ്ഞേലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.