കേരളത്തെ വരിഞ്ഞു മുറുക്കുന്ന സാമ്പത്തിക നയങ്ങള്‍: കേന്ദ്രത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

കേരളത്തെ വരിഞ്ഞു മുറുക്കുന്ന സാമ്പത്തിക നയങ്ങള്‍: കേന്ദ്രത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കേരളത്തിനെതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഇതുസംബന്ധിച്ച ഫയലില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. കേരളത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലിനെ ചുമതലപ്പെടുത്തിയേക്കും.

കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പപ്പരിധി വെട്ടിക്കുറച്ചതും കടം സംബന്ധിച്ച നിര്‍വചനങ്ങളില്‍ മാറ്റംവരുത്തി മറ്റ് ഏജന്‍സികള്‍ എടുക്കുന്ന വായ്പയും ട്രഷറി നിക്ഷേപങ്ങളും സര്‍ക്കാരിന്റെ കടമയായി കണക്കാക്കുന്നതുമാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നത്.

കേന്ദ്രത്തിന് ബാധകമാകാത്ത നയങ്ങള്‍ സംസ്ഥാനത്തെ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. കേരളത്തിന്റെ വായ്പാ പരിധി കൂട്ടാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചിരുന്നു.

നിയമ നടപടിയുടെ സാധ്യതയെപ്പറ്റി മുന്‍ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. അനുകൂലമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അനുമതി നല്‍കിയത്. തുടര്‍നടപടികള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെയും ധനവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിനെയും ചുമതലപ്പെടുത്തി.

നിയമ നടപടിക്ക് ഒരുങ്ങുമ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തരാശ്വാസം കാണാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് സര്‍ക്കാര്‍. കേന്ദ്രത്തില്‍ നിന്ന് വിവിധയിനങ്ങളിലെ കുടിശക എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി കെ.വി തോമസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.