ഫ്ലോറിഡ: ലോമെമ്പാടും കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ. ഉഷ്ണ തരംഗത്തെ തുടർന്ന് റെക്കോർഡ് ചൂടാണ് ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ അനുഭവപ്പെടുന്നത്. ജൂലൈ അവസാനിക്കാറായിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിപ്പോഴും ചൂടിൽ വെന്തുരുകുകയാണ്. അമേരിക്കയിലെ ഫ്ലോറിഡയിൽ റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നത്. സമുദ്ര ഉപരതിതല താപനിലയും റെക്കോഡുകൾ ഭേദിക്കുകയാണ്. ഫ്ലോറിഡ കീസിന് ചുറ്റുമുള്ള ഉപരിതല സമുദ്ര താപനില 38.43 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു.
എവർഗ്ലേഡ്സ് ദേശീയ ഉദ്യാനത്തിലെ ജലാശയത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഉയർന്ന താപനില രേഖപ്പെടുത്തിയതായി അമേരിക്കൻ സർക്കാർ അറിയിച്ചു. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ (നോവ) കണക്കുകൾ പ്രകാരം ഈ പ്രദേശത്തെ സാധാരണ ജല താപനില 23 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആണ്. എന്നാൽ അത് 38 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു. ചൂടു വെള്ളത്തിൽ കുളിക്കുന്ന ബാത്ത് ടബ്ബിന് സമാനമാണ് ഇപ്പോൾ ഫ്ലോറിഡയിലെ കടൽ വെള്ളം.
ഫ്ലോറിഡയിലെ താപനില മനുഷ്യ ഭക്ഷണ വിതരണത്തിനും ഉപജീവനത്തിനും ഭീഷണിയാണ്. മീൻ പിടുത്തം ഇപ്പോൾ മന്ദഗതിയിലാണ്. ഉൾക്കടലിലെ വെള്ളം പോലും അതീവ ചൂടുള്ളതാണ്. പല മത്സ്യങ്ങളെയും ചത്ത നിലയിൽ വെള്ളത്തിൽ കാണാമെന്ന് മത്സ്യബന്ധന ബോട്ട് ക്യാപ്റ്റൻ ഡസ്റ്റിൻ ഹാൻസെൽ പറഞ്ഞു.
ഫ്ലോറിഡയിൽ രേഖപ്പെടുത്തിയ താപനില ലോക റെക്കോർഡായി കണക്കാക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല, കാരണം പ്രദേശം ആഴം കുറഞ്ഞതും കടൽ പുല്ലുകളുള്ളതുമാണ്. എവർഗ്ലേഡ്സ് ദേശീയ ഉദ്യാനത്തിലെ ചൂടും സമുദ്രോപരിതലത്തിലെ താപനില വർധിക്കാൻ കാരണമാകാമെന്ന് മിയാമി യൂണിവേഴ്സിറ്റിയിലെ ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷകൻ ബ്രയാൻ മക്നോൾഡി പറഞ്ഞു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നീണ്ട ചൂട് തുടരുന്നതിനാൽ തെക്ക്-കിഴക്കൻ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഫ്ലോറിഡയിലെ ചൂട് സമുദ്ര ആവാസ വ്യവസ്ഥയെയും മോശമായി ബാധിക്കും. വർഷത്തിന്റെ തുടക്കത്തിൽ താപനം സംഭവിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും തീവ്രമാകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് ഒരു അത്ഭുത പ്രതിഭാസമാണ്. താപ തരംഗങ്ങൾ ലോക സമുദ്രങ്ങളെ കൂടുതലായി ബാധിക്കുന്നു. കെൽപ്പ്, കടൽപ്പുല്ല്, പവിഴപ്പുറ്റുകൾ എന്നിവ നശിപ്പിക്കുകയും ചെയ്യുന്നു. 2019-ൽ നടത്തിയ ഗവേഷണത്തിൽ സമീപ വർഷങ്ങളിൽ സമുദ്രത്തിലെ ഹീറ്റ് വേവ് ദിവസങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുമെന്ന് കണ്ടെത്തിയിരുന്നു.
2021 ലെ ചൂട് കാനഡയിലെ പസഫിക്കിൽ ഒരു ബില്യണിലധികം കടൽ മൃഗങ്ങളെ കൊന്നൊടുക്കിയിരിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. നിലവിലെ ഉഷ്ണ തരംഗങ്ങൾ ആഗസ്റ്റ് വരെ നിലനിൽക്കുമെന്നാണ് കണക്ക് കൂട്ടൽ. മെയ് മുതൽ ആഗോള സമുദ്ര താപനില പ്രതിമാസ റെക്കോർഡ് ഉയർന്ന നിലയിലാണ്. ഇത് ഒരു എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമാണ്. ലോകമെമ്പാടുമുള്ള സമുദ്രോപരിതല താപനില ഈ വർഷം റെക്കോർഡുകൾ തകർത്തെന്ന് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.