കൊച്ചി: അഞ്ച് പതിറ്റാണ്ടിലേറെ മലയാളികളുടെ കാതിൽ തേൻമഴ പൊഴിയിച്ച കേരളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 60-ാം പിറന്നാൾ. ഹൃദയസ്പര്‍ശിയായ ഒട്ടേറെ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച കെ.എസ്. ചിത്ര ഇന്ന് ഷഷ്ടിപൂർത്തി നിറവിലാണ്. സംഗീതത്തിന്റെ ആർദ്രനിലാവിന് സംഗീത ലോകത്ത് നിന്ന് മാത്രമല്ല രാജ്യം മുഴുവൻ ആശംസകൾ നേരുകയാണ്.
1968 ല്‍ ആകാശവാണിയിലൂടെയാണ് ചിത്രനാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്. 1979 ൽ അട്ടഹാസമെന്ന ചിത്രത്തിന് വേണ്ടി എം.ജി. രാധാകൃഷ്ണന്‍ ഒരുക്കിയ ചെല്ലം… ചെല്ലം.. എന്ന ഗാനം ആലപിച്ചുകൊണ്ട് ചിത്ര സിനിമ പിന്നണിഗാന രംഗത്തേക്കും കടന്ന് വന്നു.
എന്നാല്‍ ആ ചിത്രം പുറത്തിറങ്ങാൻ ഒരു വര്‍ഷമെടുത്തു. ഇതിനിടെ പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന സിനിമയിലൂടെ ചിത്രയുടെ സ്വരമാധുര്യം മലയാളി വീണ്ടും അറിഞ്ഞു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിലാണ് ആ ഗാനവും ഒരുങ്ങിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു, ലാറ്റിൻ, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ 25,000 ലേറെ പാട്ടുകള്‍ ചിത്ര ആലപിച്ചുകഴിഞ്ഞു. ആ കുയില്‍ നാദത്തെ സംഗീത പ്രണയികള്‍ക്കായി ആവര്‍ത്തിച്ച് കേള്‍പ്പിച്ചവരില്‍ എ.ആര്‍. റഹ്‌മാനും ഇളയരാജയും ഹംസലേഖയും കീരവാണിയും എസ്.പി. വെങ്കിടേഷും രവീന്ദ്രനും ശ്യാമും കണ്ണൂര്‍ രാജനുമുള്‍പ്പെടെയുള്ളവരും പുതുതലമുറ സംഗീതസംവിധായകരുമായി ഒട്ടേറെ പേരുണ്ട്.
ഏറ്റവും കൂടുതല്‍ ഒപ്പം പാടിയത് യേശുദാസും ബാലസുബ്രഹ്‌മണ്യവും എം.ജി. ശ്രീകുമാറുമാണ്. മെലഡി ക്വീന്‍ ഓഫ് ഇന്ത്യ, ഗോള്‍ഡന്‍ വോയ്സ് ഓഫ് ഇന്ത്യ, വാനമ്പാടി, ചിന്നക്കുയില്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ നേടിയ ഗായിക കൂടിയാണ് ചിത്ര.
ആറ് ദേശീയ അവാര്‍ഡുകള്‍, പതിനാറ് കേരള സംസ്ഥാന അവാര്‍ഡുകള്‍ ഇതിനൊക്കെ പുറമേ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് 11 തവണയും തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നാല് തവണയും കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് മൂന്ന് തവണയും നേടി. രാജ്യം പത്മശ്രീയും പത്മവിഭൂഷണും നൽകി ആ സ്വരമാധുര്യത്തെ ആദരിച്ചു.
1985 ലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം.
1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്‍റെ മികച്ച ഗായിക ചിത്രയായിരുന്നു. ഇതുവരെ മറ്റാര്‍ക്കും ആ നേട്ടം ലഭിച്ചിട്ടില്ല. 1999, 2001, 2002, 2005, 2016 വര്‍ഷങ്ങളിലും സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തി. 1997 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ കലൈമാമണി നല്‍കി ചിത്രയെ ആദരിച്ചു.
കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27 ന് ആണ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. അച്ഛന്‍ തന്നെയായിരുന്നു ചിത്രയുടെ ആദ്യ ഗുരു. ഡോ. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ച ചിത്രയ്ക്ക് സംഗീത ഗുരുവിന്റെ സഹോദരന്‍ എം.ജി. രാധാകൃഷ്ണന്‍ തന്നെയാണ് സിനിമയിലേക്ക് വഴി ഒരുക്കിയതും.
ചിത്രയ്‌ക്ക് പിറന്നാൾ ഇന്നാണെങ്കിലും ജന്മനക്ഷത്രമായ ചിത്തിര ഇന്നലെയായിരുന്നു. ഭർത്താവ് വിജയ് ശങ്കറിനൊപ്പം ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിച്ചു. തുടർന്ന് വീട്ടിൽ പൂജകൾ നടത്തി. ഉച്ചയ്ക്ക് അടപ്രഥമനും പാൽപ്പായസവും ഉൾപ്പെടെയുള്ള സദ്യയും ഉണ്ടായിരുന്നു.
ഇന്ന് കൊച്ചിയിലാണ് ചിത്ര. റിയാലിറ്റി ഷോയുടെ ഷൂട്ടിംഗാണ് രാവിലെ ഏഴ് മുതൽ. സുഹൃത്തുക്കളായ പാട്ടുകാരും സംഗീത സംവിധായകരും സസ്പെൻസ് പരിപാടികൾ ഒരുക്കിയിട്ടുണ്ട്. യുവ സംഗീത സംവിധായകർ ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചെറുപാട്ടുകളും ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.