ബൈജൂസ് തകരുന്നു; നിക്ഷേപകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രൻ

ബൈജൂസ് തകരുന്നു; നിക്ഷേപകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രൻ

ബംഗളൂരു: ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ തന്നെ വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയ ബൈജൂസിൽ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്. കേസുകളും നിക്ഷേപത്തകർച്ചയും മൂലം കമ്പനി നേരിടുന്നത് വലിയ പ്രതിസന്ധി. നിക്ഷേപകർക്ക് മുന്നിൽ നിലവിലെ തന്റെ അവസ്ഥ വിവരിച്ച് ബൈജൂസ് ആപ്പ് ഉടമയായ ബൈജു രവീന്ദ്രൻ പൊട്ടിക്കരഞ്ഞതായാണ് വിവരം.

കമ്പനിയുടെ മുന്നോട്ട് പോക്കിന് ധനസമാഹരണം നടത്താനായി ബൈജു രവീന്ദ്രൻ ദുബായിൽ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 100 കോടി ഡോളർ സമാഹരിക്കാനായാണ് ബൈജു രവീന്ദ്രന്റെ നേതൃത്വത്തിൽ വിവിധ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഈ കൂടിക്കാഴ്ച പരാജയമായിരുന്നു. ഈ സമയത്താണ് നിക്ഷേപകരുടെ മുന്നിൽ ബൈജു രവീന്ദ്രൻ പൊട്ടിക്കരഞ്ഞതെന്നാണ് റിപ്പോർട്ട്.

ഡയറക്ടർ ബോർഡംഗങ്ങൾക്കു പിന്നാലെ ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാകാൻ കാരണം. സ്ഥാപക കുടുംബാംഗങ്ങൾ മാത്രമാണ് ഇനി കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ശേഷിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരാണ് ബൈജൂസ് ബോർഡിൽ അവശേഷിക്കുന്നത്.

ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന ബൈജൂസിന്റെ മൂന്ന് ഓഫീസുകളിൽ രണ്ട് ഓഫീസുകളും അടച്ചുപൂട്ടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ബെംഗളുരു നഗരത്തിൽ ബൈജൂസിന്റെ കീഴിലുള്ള ഏറ്റവും വലിയ ഓഫീസ് ഉൾപ്പെടെ പൂട്ടിക്കഴിഞ്ഞു. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരോട് ജൂലൈ 23 മുതൽ മറ്റ് ഓഫീസുകളിലേക്ക് മാറുകയോ വർക്ക് ഫ്രം ഹോം എടുക്കുകയോ ചെയ്യാണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ പ്രസ്റ്റീജ് ടെക് പാർക്കിലെ ഒമ്പത് നിലകളിൽ രണ്ടെണ്ണം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് വർഷം മുമ്പ് തന്നെ ബൈജൂസ് സാമ്പത്തിക നഷ്ടത്തിലായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020 - 2021 സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. പിന്നീടുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിലെ ഫലങ്ങൾ കമ്പനി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കോവിഡ് കാലത്ത് പോലും കമ്പനിയ്ക്ക് ലാഭമുണ്ടാക്കാനായില്ല എന്നതാണ് തകർച്ചയുടെ വ്യാപ്തി കൂട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.