സമ്പാദ്യം മുതല്‍ നിക്ഷേപത്തെവരെ ബാധിക്കുന്ന പല മാറ്റങ്ങളും പ്രാബല്യത്തില്‍ വരുന്ന മാസമാണ് ഓഗസ്റ്റ്. ഓഗസ്റ്റില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് സാമ്പത്തിക മാറ്റങ്ങളാണ് ഇനി പറയുന്നത്.
1. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് നിയമത്തിലെ മാറ്റം
ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ നിരാശരായേക്കാം. 2023 ഓഗസ്റ്റ് 12 മുതല്‍ ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ ക്യാഷ്ബാക്കും ഇന്‍സെന്റീവ് പോയിന്റുകളും കുറച്ചിട്ടുണ്ട്. യാത്രാ സംബന്ധമായ കാര്യങ്ങള്‍ക്കായി നിങ്ങളുടെ ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ 1.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടയ്ക്കാന്‍ മര്‍ച്ചന്റ് കാറ്റഗറി കോഡ് (MCC) ഉപയോഗിക്കുന്നതിന് ക്യാഷ്ബാക്ക് ലഭിക്കില്ല. ഇന്ധനം വാങ്ങുന്നത് ഫ്‌ളിപ്കാര്‍ട്ടിലും മിന്ത്രയിലും ഗിഫ്റ്റ് കാര്‍ഡ് വാങ്ങുന്നത്. ഇഎംഐ ഇടപാടുകള്‍ തുടങ്ങിയ പണമിടപാടുകള്‍ക്കും ക്യാഷ്ബാക്ക് ലഭിക്കില്ല.
2. എസ്ബിഐ അമൃത് കലശ്
എസ്ബിഐ അമൃത് കലശ് പദ്ധതിയില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 15 ആക്കി മാറ്റിയിട്ടുണ്ട്. സാധാരണ ഉപഭോക്താക്കള്‍ക്ക് 7.1 ശതമാനം പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6 ശതമാനം പലിശ നിരക്കും ആണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയുടെ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശനിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.
3. ഇന്ത്യന്‍ ബാങ്ക് ഇന്ത്യ സൂപ്പര്‍ 400 ഡേയ്‌സ്
ഇന്ത്യന്‍ ബാങ്ക് 2023 മാര്‍ച്ച് ആറ് മുതല്‍ ഇന്ത്യന്‍ ബാങ്ക് ഇന്ത്യ സൂപ്പര്‍ 400 ഡേയ്‌സ് എന്ന പേരില്‍ ഒരു പുതിയ പ്രത്യേക റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് സ്‌കീം അവതരിപ്പിച്ചിരുന്നു. ഇത് 400 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. FD/MMD രൂപത്തില്‍ 10,000 മുതല്‍ രണ്ട് കോടിയില്‍ താഴെ വരെ നിക്ഷേപം നടത്താം. സ്‌കീമിന് കീഴില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 31 ആണ്. ഈ പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് 7.25 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.75 ശതമാനവും, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് എട്ട് ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
4. ഐടിആര്‍ പിഴ
2023 ജൂലൈ 31 നകം ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാത്ത നികുതിദായകര്‍ക്ക് പിഴകള്‍ അടക്കേണ്ടി വരും. ജൂലൈ 31 ശേഷം അതായത് ഓഗസ്റ്റ് മുതല്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് 5,000 രൂപ വരെ പിഴ ഈടാക്കും. വൈകിയുള്ള റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ 2023 ഡിസംബര്‍ 31 വരെ സമയമുണ്ട്.
5. ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ്
ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ് സ്‌കീമില്‍ 2023 ഓഗസ്റ്റ് 15 വരെ നിക്ഷേപിക്കാം. 444 ദിവസത്തേക്കുള്ള പദ്ധതി 7.65 പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 375 ദിവസത്തെ മറ്റൊരു പുതിയ സ്‌കീം 2023 ജൂലൈ 14 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന് 2023 ഓഗസ്റ്റ് 15 വരെ സാധുതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.