വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; വില്‍പനക്കാരന് പിഴ

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; വില്‍പനക്കാരന് പിഴ

ന്യൂഡല്‍ഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് പാറ്റയെ ലഭിച്ചു. ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രക്കിടെ വിളമ്പിയ ചപ്പാത്തിയിലാണ് സുബോദ് പാഹസാജന്‍ എന്നയാള്‍ക്ക് പാറ്റയെ കിട്ടിയത്. ഇതിന്റെ ചിത്രം ഐആര്‍സിടിസി, കേന്ദ്ര റെയില്‍വെ മന്ത്രാലയം, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്ത് സുബോധ് ട്വീറ്റ് ചെയ്തു. തുടര്‍ന്ന് റെയില്‍വെ സേവയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇദ്ദേഹത്തിന്റെ പരാതിയില്‍ വേഗത്തില്‍ ഇടപെടുകയായിരുന്നു.

ഇത്തരത്തില്‍ ഒരനുഭവം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു. പിഎന്‍ആര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നേരിട്ട് മെസേജായി അയയ്ക്കാനും സുബോധിനോട് ആവശ്യപ്പെട്ടു. സുബോധിന് പകരം ഭക്ഷണം എത്തിച്ചു നല്‍കിയതായി ഭോപ്പാലിലെ ഡിവിഷണല്‍ റെയില്‍വേ മാനേജറും ട്വിറ്ററില്‍ പ്രതികരിച്ചു.

ഐആര്‍സിടിസി ഇതില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുകയും പകരം ഭക്ഷണം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ വിട്ടുവീഴ്ച കാണിക്കില്ലെന്നും ഭക്ഷണം വിതരണം ചെയ്ത ലൈസന്‍സിക്കെതിരേ ഉചിതമായ ശിക്ഷാ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ആവശ്യമായ മുന്‍കരുതലെടുക്കാന്‍ അത് തയ്യാറാക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി ഐആര്‍സിടിസിയും വ്യക്തമാക്കി.

വീഴ്ച വരുത്തിയാളില്‍ നിന്ന് പിഴയീടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇത് കൂടാതെ ഭക്ഷണം തയ്യാര്‍ ചെയ്യുന്ന അടുക്കളയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിരവധിപ്പേര്‍ ആശങ്ക അറിയിച്ചു. ഒട്ടേറെപ്പേര്‍ തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
വന്ദേഭാരത് എക്സ്പ്രസില്‍ നിന്ന് മോശം ഭക്ഷണം ലഭിച്ചതായി മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നു. ഭക്ഷണത്തിന്റെ വീഡിയോ അടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് മുമ്പ് ഒരു യാത്രക്കാരന്‍ രംഗത്തെത്തിയത്. വിശാഖപട്ടണം മുതല്‍ ഹൈദരാബാദ് വരെയുള്ള യാത്രക്കിടെയാണ് തനിക്ക് മോശം ഭക്ഷണം ലഭിച്ചതെന്നാണ് ഈ യാത്രക്കാരന്‍ പറഞ്ഞത്.

തനിക്ക് ലഭിച്ച ഭക്ഷണപ്പൊതിയില്‍ നിന്ന് വട പുറത്തെടുത്ത യാത്രക്കാരന്‍ അത് പരസ്യമായി പിഴിഞ്ഞ് കാണിക്കുന്നുണ്ട്. ആഡംബര അനുഭവം ഉറപ്പ് നല്‍കി അമിത തുക ടിക്കറ്റിന് ഈടാക്കി നടത്തുന്ന യാത്രയില്‍ ഇത്തരം ഭക്ഷണം വിതരണം ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് നിരവധി പേരാണ് അന്ന് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ബന്ധപ്പെട്ട അധികൃതര്‍ ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മറുപടിയാണ് ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) ഭാഗത്ത് നിന്നുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.