കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ബിഹാര്‍ ദമ്പതിമാരുടെ മകളായ അഞ്ച് വയസുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയത്. ആലുവ മാര്‍ക്കറ്റിന് സമീപമെത്തിയ ഇയാള്‍ മാര്‍ക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും പെണ്‍കുട്ടിയെയും കണ്ട് ചിലര്‍ കാര്യം തിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.
കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ മുറിവുണ്ടെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും കണ്ടെത്തി. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് നിലവിലെ സൂചന. മരണം ഉറപ്പാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിട്ടു. ശേഷം മൂന്ന് കല്ലുകളും ഇതിനുമുകളില്‍വെച്ചാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതെന്നും പറയുന്നു.
അതിനിടെ കുട്ടിയെ കൊലപ്പെടുത്തിയ പ്രതി അഷ്ഫാഖ് അസ്ലമിനെ മൃതദേഹം കണ്ടെത്തിയ ആലുവ മാര്‍ക്കറ്റിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ മാര്‍ക്കറ്റിലെത്തിച്ചപ്പോള്‍ വന്‍പ്രതിഷേധമാണുയര്‍ന്നത്. ആലുവ ചൂര്‍ണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ വീട്ടില്‍ നിന്ന് കാണാതായത്. പ്രതിയായ അഷ്ഫാഖ് പെണ്‍കുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയില്‍ രണ്ട് ദിവസം മുന്‍പാണ് താമസത്തിനെത്തിയത്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടില്‍ നിന്ന് കുട്ടിയെ കടത്തിക്കൊണ്ടു പോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങി നല്‍കിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെടുത്തു. കടയില്‍നിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയില്‍പാളം മുറിച്ചു കടന്ന് കുട്ടിയുമായി റോഡിലേക്ക് പോയ പ്രതി, ഇവിടെനിന്ന് ബസില്‍ കയറി. തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി ആലുവ ബസ് സ്റ്റാന്‍ഡിലെത്തി. എന്നാല്‍ ഇവിടെ നിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നതില്‍ വ്യക്തതയില്ലായിരുന്നു.
പ്രതിയായ അഷ്ഫാഖിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ലഹരി ആയതിനാല്‍ ഇയാളില്‍ നിന്ന് വ്യക്തമായ മൊഴികളൊന്നും ലഭിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ലഹരി വിട്ടതോടെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അന്വേഷണത്തില്‍ ഇയാളുടെ മൊഴി തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീടാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
കേസില്‍ അന്വേഷത്തിനായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആലുവ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്.
അതേസമയം സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ബാലാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയെന്ന് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു. മനുഷ്യമനസിനെ നടുക്കുന്ന സംഭവമാണ് ഇതെന്നും അതിഥി തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഇടപെടുമെന്നും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ സി. വിജയകുമാര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.