ഓസ്‌ട്രേലിയയില്‍ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ വംശജനായ 16 കാരന് കുത്തേറ്റു; സംഭവം മോഷണശ്രമം ചെറുക്കുന്നതിനിടെ

ഓസ്‌ട്രേലിയയില്‍ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ വംശജനായ 16 കാരന് കുത്തേറ്റു; സംഭവം മോഷണശ്രമം ചെറുക്കുന്നതിനിടെ

മെല്‍ബണ്‍: മോഷണശ്രമം ചെറുക്കുന്നതിനിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ 16 വയസുകാരന് കുത്തേറ്റു. ഇയാളുടെ രണ്ട് സുഹൃത്തുകള്‍ക്കും കുത്തേറ്റതായി പോലീസ് അറിയിച്ചു. മെല്‍ബണിലെ ടാര്‍നെറ്റ് സിറ്റിയില്‍ റയാന്‍ സിങ്ങിനെയും സുഹൃത്തുക്കളെയും വെട്ടുകത്തികളുമായി ഒരു സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതിനിടെയിലാണ് സംഭവമെന്ന് ഓസ്‌ട്രേലിയ ടുഡേ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തന്റെ പതിനാറാം ജന്മദിനത്തിലാണ് റയാന്‍ സിങ് ദാരുണ ആക്രമണത്തിന് വിധേയനായത്. മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ റയാന്‍ ആശുപത്രി വിടാന്‍ വൈകുമെന്നും സുഹൃത്തുക്കള്‍ സുഖം പ്രാപിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതൊരു കവര്‍ച്ചാ ശ്രമമാണെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ കൈമാറണമെന്നും റയാന്റെ വാച്ചും പിറന്നാള്‍ സമ്മാനമായി ലഭിച്ച വിലപിടിപ്പുള്ള പുതിയ പാദരക്ഷകളും (നൈക്ക് എയര്‍ ജോര്‍ദാന്‍ സ്നീക്കറുകള്‍) അക്രമികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരുപതു വയസുകാരന്‍ അറസ്റ്റിലായിട്ടുണ്ട്.

പിറന്നാളിനോട് അനുബന്ധിച്ച് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ റയാന്‍ സിങ് സുഹൃത്തുക്കള്‍ക്കൊപ്പം ബാസ്‌കറ്റ് ബോള്‍ കളിക്കുകയായിരുന്നു. എട്ടു പേരടങ്ങുന്ന സംഘമാണ് മൂവരെയും ആക്രമിച്ചത്. റയാന്റെ കൈകളിലും മുതുകിലും കുത്തേറ്റതായും തലയുടെ പിന്‍ഭാഗത്ത് അടിയേറ്റതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ ദിവസം തന്നെ കരോലിന്‍ സ്പ്രിംഗ്സിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇരു സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ പതിനാറുകാരന്റെ അമ്മയും പിതാവും തകര്‍ന്ന മാനസികാവസ്ഥയിലാണ്. മകന്റെ ജന്മദിനാഘോഷം ആസൂത്രണം ചെയ്യുന്നതിനിടെയാണ് ദാരുണ വാര്‍ത്തയെത്തിയതെന്ന് അമ്മ 7 ന്യൂസിനോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.