'യുദ്ധം റഷ്യയിലേക്ക് ആസന്നമായിരിക്കുന്നു'; മോസ്‌കോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി സെലന്‍സ്‌കി

'യുദ്ധം റഷ്യയിലേക്ക് ആസന്നമായിരിക്കുന്നു'; മോസ്‌കോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി സെലന്‍സ്‌കി

ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി. ഉക്രെയ്ന്‍ കൂടുതല്‍ ശക്തി പ്രാപിച്ചെന്നും റഷ്യക്ക് ഇനി യുദ്ധത്തിന്റെ നാളുകളാണെന്നും സെലന്‍സ്‌കി പറഞ്ഞു. ക്രമേണ, യുദ്ധം റഷ്യയുടെ പ്രദേശത്തേക്ക് മടങ്ങുകയാണ്. റഷ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ അനിവാര്യവും സ്വാഭാവികവും തികച്ചും ന്യായവുമായ പ്രക്രിയയാണെന്നും സെലന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ ആക്രമണം നടത്തിയ മൂന്ന് ഉക്രെയ്ന്‍ ഡ്രോണുകള്‍ തകര്‍ത്തതായും രണ്ടെണ്ണം കെട്ടിടങ്ങളില്‍ ഇടിച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഓഫീസ് കെട്ടിടത്തിന് നേരെയാണ് ഡോണാക്രമണമുണ്ടായത്. 50നില കെട്ടിടത്തിന്റെ അഞ്ച്, ആറ് നിലകളിലാണ് ഡ്രോണ്‍ പതിച്ചതെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ ടാസ് അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല. ആക്രമണത്തിന് പിന്നാലെ മോസ്‌കോയിലെ രാജ്യാന്തര വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

'യുദ്ധഭൂമിയില്‍ റഷ്യയുടെ ആക്രമണങ്ങള്‍ പാഴായിരിക്കുന്നു. രണ്ടാഴ്ച നീണ്ടുനില്‍ക്കുമെന്ന് റഷ്യ കരുതിയ 'പ്രത്യേക സൈനിക നടപടി' യുടെ 522-ാം ദിവസമാണ് ഇന്ന്. ഉക്രെയ്ന്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്' -  പടിഞ്ഞാറന്‍ നഗരമായ ഇവാനോ-ഫ്രാങ്കിവ്‌സ്‌ക് സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയില്‍ 25 ഡ്രോണുകള്‍ ഉപയോഗിച്ച് മോസ്‌കോയിലെ പ്രധാന കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ഉക്രെയ്‌ന്റെ ശ്രമം പരാജയപ്പെടുത്തിയതായി റഷ്യ അവകാശപ്പെട്ടിരുന്നു. അതില്‍ 16 എണ്ണം വ്യോമ പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കുകയും ഒന്‍പത് എണ്ണം ഇലക്ട്രോണിക് യുദ്ധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നു. മോസ്‌കോയില്‍ ഡ്രോണുകള്‍ ഇടിച്ച രണ്ട് ഓഫീസ് കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി നഗര മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.

അതേസമയം ഉക്രെയ്ന്‍ വിഷയത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉക്രെയ്‌നുമായുള്ള ചര്‍ച്ചയെന്ന ആശയം തള്ളിക്കളയുന്നില്ലെന്നായിരുന്നു പുടിന്‍ വ്യക്തമാക്കിയത്. സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന ആഫ്രിക്കയുടെയും ചൈനയുടെയും ആവശ്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.