നിക്കരാഗ്വയില്‍ ഒരു വര്‍ഷത്തിനിടെ പുറത്താക്കപ്പെട്ടത് 65 സന്യാസിനിമാര്‍; സഭയ്ക്കെതിരേ നടന്നത് 500-ലധികം ആക്രമണങ്ങള്‍

നിക്കരാഗ്വയില്‍ ഒരു വര്‍ഷത്തിനിടെ പുറത്താക്കപ്പെട്ടത് 65 സന്യാസിനിമാര്‍; സഭയ്ക്കെതിരേ നടന്നത് 500-ലധികം ആക്രമണങ്ങള്‍

മനാഗ്വേ: നിക്കരാഗ്വയിലെ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ഒരു വര്‍ഷത്തിനിടെ രാജ്യത്തു നിന്നു പുറത്താക്കിയത് 65 സന്യാസിനിമാരെ. ലാ പ്രെന്‍സ പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാര്‍ത്ത പട്രീഷ്യ മൊളീനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'2022-നും 2023-നും ഇടയില്‍ 65 സന്യാസിനിമാരെ പുറത്താക്കുകയും വിവിധ സന്യാസിനീസമൂഹങ്ങളില്‍ നിന്നുള്ള ആറോളം പേരുടെ പ്രവേശനം വിലക്കുകയും ചെയ്തു. 2018 മുതല്‍ രാജ്യത്ത് സഭയ്ക്കെതിരായ 500-ലധികം ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ജൂലൈ 29-നു പുറത്തിറക്കിയ, പട്രീഷ്യ മൊളീനയുടെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.

'മിഷനറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ രാജ്യത്തെ പത്തോളം സന്യാസിനീ സമൂഹങ്ങള്‍ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായിട്ടുണ്ട്. ഭരണകൂടത്തിന്റെ വിവിധതരം അടിച്ചമര്‍ത്തലിന് ഇരയായത് 71 സന്യാസിനിമാരാണ്. മാനസികമായി തകര്‍ത്താണ് കന്യാസ്ത്രീകളുടെ നിലനില്‍പ്പിനെ സമ്മര്‍ദത്തിലാഴ്ത്തുന്നത് - മോളീന പറയുന്നു.

പുറത്താക്കപ്പെട്ട കന്യാസ്ത്രീകള്‍ക്കു പുറമേ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിച്ച നിക്കരാഗ്വന്‍ കന്യാസ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.

അതുപോലെ കത്തോലിക്ക സ്ഥാപനങ്ങളുടെ നിയമപരമായ നിലനില്‍പ് റദ്ദാക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും പതിവായിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ പ്രവര്‍ത്തനം നിരോധിച്ച നിക്കരാഗ്വ സര്‍ക്കാര്‍ 18 കന്യാസ്ത്രീകളെ രാജ്യത്തു നിന്ന് പുറത്താക്കിയിരുന്നു. ഇവരെ പിന്നീട് കോസ്റ്റാറിക്കയിലെ തിലറന്‍-ലൈബീരിയ രൂപത ഏറ്റെടുത്തു.

നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കത്തോലിക്കാ സഭ എല്ലായ്‌പ്പോഴും പരസ്യമായി എതിര്‍ത്തിട്ടുണ്ട്. കലാപത്തിനു പ്രേരണ നല്‍കുന്നവരായാണ് കത്തോലിക്കരെ ഒര്‍ട്ടേഗ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. വത്തിക്കാന്‍ പ്രതിനിധിയെയും പുറത്താക്കിയിരുന്നു.

വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നിക്കരാഗ്വേയില്‍ 85 ശതമാനവും ക്രിസ്ത്യാനികളാണ്. അതില്‍ തന്നെ 55 ശതമാനം കത്തോലിക്കരും. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നു കാട്ടാന്‍ മുന്‍പന്തിയിലുള്ളത് കത്തോലിക്കാ സഭയാണ്.

2018നു ശേഷം സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണം നേരിട്ട ഇരുനൂളോളം സംഘടനകളാണ് രാജ്യത്ത് നിരോധിക്കപ്പെട്ടത്. ഇതില്‍ മുറിച്ചുണ്ടുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്താനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന മുതല്‍ നിക്കരാഗ്വന്‍ ഭാഷാ അക്കാദമി വരെയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ധനസമാഹരണം സംബന്ധിച്ച് സര്‍ക്കാര്‍ കടുത്ത നിയമങ്ങള്‍ കൊണ്ടുവന്നതിനു ശേഷമാണ് സംഘടനകളില്‍ പലതിനും പൂട്ടുവീണത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.