മണിപ്പൂര്‍ വിഷയം: അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച എട്ട് മുതല്‍; 10 ന് പ്രധാനമന്ത്രി മറുപടി പറയും

മണിപ്പൂര്‍ വിഷയം: അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച എട്ട് മുതല്‍; 10 ന് പ്രധാനമന്ത്രി മറുപടി പറയും

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്റ്റ് എട്ട് മുതല്‍ ലോക്‌സഭ ചര്‍ച്ച ചെയ്യും. എട്ട്, ഒന്‍പത് തിയതികളിലാണ് ചര്‍ച്ച. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയും.

വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് വേണ്ടി ജൂലൈ 26 ന് കോണ്‍ഗ്രസ് ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് അനുമതി നേടിയത്. മണിപ്പൂരിലെ വംശീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്ന് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂര്‍ വിഷയം രാജ്യമൊട്ടാകെ ചര്‍ച്ചയാകുമ്പോഴും പ്രധാനമന്ത്രിയുടെ മൗനം വലിയ ചോദ്യമാണ് ഉയര്‍ത്തിയത്. എന്തായാലും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ.

ജൂലൈ 20 ന് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും തുടര്‍ച്ചയായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

എന്നാല്‍ സംഘര്‍ഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് മണിപ്പൂരിലേക്ക് പോയ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്ന അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഭരണകക്ഷി എംപിമാര്‍ മണിപ്പൂരിലെത്തി നേരിട്ട് സ്ഥിതിഗതികള്‍ മനസിലാക്കിയാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.