സാവോ പോളോ: ചരക്കു കപ്പലിന്റെ താഴെ അള്ളിപ്പിടിച്ചിരുന്ന് പതിനാലു ദിവസം സമുദ്രത്തിലൂടെ യാത്ര ചെയ്ത നാല് നൈജീരിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അത്ഭുത അതിജീവനം. ഭക്ഷണവും കുടിവെള്ളവുമില്ലാതെ തിരയില്‍ ആടിയുലഞ്ഞ് 5,600 കിലോമീറ്ററാണ് (3,500 മൈല്‍) ഇവര്‍ കടലിലൂടെ യാത്ര ചെയ്തത്.
കപ്പലിന്റെ താഴെ, പ്രൊപ്പല്ലറിന്റെ മുകളില്‍ കടലിനോടു ചേര്‍ന്നുള്ള റഡറിന്റെ മുകളിലിരുന്നാണ് നാലു പേരും മരണത്തെ മുഖാമുഖം കണ്ട് യാത്ര ചെയ്തത്. കടല്‍ വെള്ളത്തില്‍ കാല്‍ തൊടും വിധം കൂനിക്കൂടി റഡറിലിരുന്നുള്ള 11 ദിവസത്തെ യാത്ര ഭയാനകമായിരുന്നു.
ഏതു നിമിഷവും വെള്ളത്തില്‍ വീഴാന്‍ പാകത്തില്‍ ആടിയുലഞ്ഞുള്ള യാത്രയെക്കുറിച്ചോര്‍ക്കുമ്പോഴുള്ള ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. നൈജീരിയന്‍ സ്വദേശികള്‍ ഇവിടെയിരുന്നു സാഹസിമായി യാത്ര ചെയ്യുന്നതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും വീഡിയോ ബ്രസീലിയന്‍ ഫെഡറല്‍ പോലീസ് പുറത്തുവിട്ടു.
നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് നാലും പേരും നൈജീരിയയില്‍നിന്ന് യൂറോപ്പിലേക്കു അനധികൃതമായി കടക്കാന്‍ തീരുമാനിച്ചത്. മരണത്തെ വെല്ലുവിളിക്കുന്ന യാത്രയാണെങ്കിലും മെച്ചപ്പെട്ട ജീവിതം തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്ക്.
'ഭയാനകമായ അനുഭവമായിരുന്നു' സംഘത്തില്‍ ഒരാളായ 38 കാരനായ താങ്ക്ഗോഡ് ഒപെമിപ്പോ മാത്യു യെ പറയുന്നു. 'കപ്പലില്‍ അള്ളിപ്പിടിച്ചുള്ള യാത്ര എളുപ്പമായിരുന്നില്ല, ഭയം കൊണ്ട് വിറച്ചു. പക്ഷെ, ഞങ്ങള്‍ രക്ഷപെട്ടു.. സമാധാനം' - മാത്യു പറഞ്ഞു.
രക്ഷപ്പെട്ടെങ്കിലും നാലു പേര്‍ക്കും ഭയം ഇതുവരെ വിട്ടുമാറിയിട്ടില്ല. യൂറോപ്പിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. പതിനാലു ദിവസത്തോളം കടലില്‍ കുടുങ്ങി. പത്താം ദിവസം ഭക്ഷണവും വെള്ളവും തീര്‍ന്നു. എങ്കിലും, കാല്‍പാദത്തിനു തൊട്ടു താഴെയുള്ള കടല്‍വെള്ളം കുടിച്ച് നാലുദിവസം കൂടി പിടിച്ചുനിന്നു. ഒടുവില്‍ അറ്റ്‌ലാന്റിക്കിന്റെ മറുവശത്ത് ബ്രസീലില്‍ വന്നിറങ്ങി. ഇവരില്‍ രണ്ടു പേരെ അവരുടെ അഭ്യര്‍ത്ഥന പ്രകാരം നൈജീരിയയിലേക്ക് തന്നെ തിരിച്ചയച്ചു.
മറ്റ് രണ്ടുപേര്‍ ബ്രസീലില്‍ അഭയം തേടി. ബ്രസീല്‍ സര്‍ക്കാര്‍ കരുണ കാണിക്കണമെന്നായിരുന്നു അപേക്ഷ. മുന്‍പ് നൈജീരിയയില്‍ നിന്ന് കപ്പലില്‍ പലായനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അറസ്റ്റിലായതായും യുവാക്കള്‍ വെളിപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത, കുറ്റകൃത്യങ്ങള്‍ എന്നിവ കാരണമാണ് ജന്മനാടായ നൈജീരിയ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ ഭീകരാക്രമണങ്ങളും ദാരിദ്ര്യവും ഏറ്റവും രൂക്ഷമായ അവസ്ഥയിലാണുള്ളത്. പ്രാദേശികമായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നിത്യസംഭവമാണെന്നും യുവാക്കള്‍ പറഞ്ഞു.
ഈ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ തന്റെ നിലക്കടല, പാം ഓയില്‍ ഫാം നശിച്ചുവെന്നും താനും കുടുംബവും ഭവനരഹിതരായെന്നും യുവാക്കളിലൊരാള്‍ പറഞ്ഞു. തന്റെ കുടുംബത്തെയും ബ്രസീലിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ജീവന്‍ പണയപ്പെടുത്തി ഇത്തരത്തില്‍ ആളുകള്‍ റഡറുകളില്‍ സഹാസിമായി യാത്ര ചെയ്യുന്നത് മുമ്പും കണ്ടെത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയും കടല്‍ക്ഷോഭവുമുണ്ടായാല്‍ ഇവര്‍ മരണത്തിനു കീഴടങ്ങുന്നു. ഇത് വളരെ അപകടകരമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.