വാഷിങ്ടണ്‍: തെറ്റായ സന്ദേശം അയച്ചതു മൂലം വോയേജര്‍ 2 ബഹിരാകാശ പേടകവുമായുള്ള ആശയ വിനിമയ ബന്ധം നാസയ്ക്ക് താല്‍കാലികമായി നഷ്ടമായി.
നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിന്ന് ജൂലൈ 21 ന് വോയേജര്‍ 2 ലേക്ക് അയച്ച ചില സന്ദേശങ്ങളിലെ പിഴവ് കാരണം പേടകത്തിലെ വലിയ ഡിഷ് ആന്റിന ഭൂമിയില്‍ നിന്ന് അകലേക്ക് തിരിയുകയും ആശയ വിനിമയം നഷ്ടമാകുകയുമായിരുന്നു.
ഭൂമിയില്‍ നിന്ന് ഏകദേശം 19.9 ബില്ല്യന്‍ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേയേജര്‍ പേടകം നിലവില്‍ ബഹിരാകാശത്ത് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യ നിര്‍മിത വസ്തുവാണ്.
ബഹിരാകാശ പേടകത്തിലെ ആന്റിന വെറും രണ്ട് ശതമാനം മാത്രമാണ് തിരിഞ്ഞതെങ്കിലും നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്ക് സ്റ്റേഷനുമായുള്ള ആശയ വിനിമയം തകരാറിലായി. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്കിന്റെ ഭാഗമായ ആന്റിനയില്‍ നിന്ന് ശരിയായ സന്ദേശങ്ങള്‍ വോയേജര്‍ 2 ലേക്ക് അയക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അത് സാധ്യമായില്ലെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും.
വോയേജര്‍ 2 പേടകം ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന അകലത്തില്‍ നിന്ന് ഒരു സന്ദേശം ഭൂമിയിലെത്താന്‍ ഏകദേശം 18 മണിക്കൂറുകള്‍ എടുക്കും. ഓരോ വര്‍ഷവും പലതവണ സ്വയം റീസെറ്റ് ചെയ്യുന്ന തരത്തിലാണ് വോയേജര്‍ 2ന്റെ രൂപകല്‍പന. ഇങ്ങനെ റീസെറ്റ് ചെയ്യുമ്പോള്‍ ആന്റിനയും ഭൂമിയുടെ ദിശയിലേക്ക് സ്വയം ക്രമീകരിക്കും.
ഇനി അടുത്ത റീസെറ്റിങ് നടക്കേണ്ടത് ഒക്ടോബര്‍ 15 നാണ്. മറ്റ് ശ്രമങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ പേടകവുമായുള്ള ആശയ വിനിമയ ബന്ധം പുനസ്ഥാപിക്കാന്‍ അന്നുവരെ കാത്തിരിക്കേണ്ടി വരും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്ന് 1977 ല്‍ വിക്ഷേപിച്ചതാണ് വോയേജര്‍ 2 എന്ന ബഹിരാകാശ പേടകം. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. വോയേജര്‍ 1 വിക്ഷേപിക്കുന്നതിന് 16 ദിവസം മുമ്പ് തന്നെ വോയേജര്‍ 2 വിക്ഷേപിച്ചിരുന്നു. എന്നാല്‍ വ്യാഴത്തിന്റെയും ശനിയുടെയും സഞ്ചാര പഥത്തിലെത്താന്‍ കൂടുതല്‍ സമയമെടുത്തു.
2018 നവംബര്‍ ആദ്യത്തില്‍ വോയേജര്‍ 2 സൗരയൂഥത്തിന്റെ അതിര്‍ത്തി കടന്നിരുന്നു. 2012 ല്‍ തന്നെ വോയേജര്‍ 1 ഈ നേട്ടം കൈവരിച്ചു. വോയേജര്‍ ദൗത്യത്തിന്റെ ഭാഗമായ ഈ രണ്ട് റോബോട്ടിക് ബഹിരാകാശ പേടകങ്ങളും ഇപ്പോഴും ദൗത്യം തുടരുകയാണ്.
വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ മനുഷ്യനെ ഏറെ സഹായിച്ചിട്ടുള്ളത് വോയേജര്‍ 2 ആണ്. എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ അന്യഗ്രഹ ജീവികള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ ഭൂമിയില്‍ നിന്നുള്ള ശബ്ദങ്ങളുടെയും ചിത്രങ്ങളുടെയും ശേഖരം രണ്ട് പേടകങ്ങളിലുമുണ്ട്.
ഭൂമിയിലെ മഴ, കാറ്റ്, ഇടിമുഴക്കം, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങള്‍, നിരവധി ചിത്രങ്ങള്‍, 55 ഭാഷകളിലെ ആശംസകള്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെയും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെയും സന്ദേശങ്ങള്‍, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതവുമെല്ലാം വോയേജറുകളിലെ ശേഖരത്തിലുണ്ട്. ഇന്ത്യന്‍ സംഗീതവും ഇക്കൂട്ടത്തിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.