ബ്യൂണസ് ഐറിസ്: നാസി ഭരണകൂടത്തിന്റെ ക്രൂരതയ്ക്കിരയായി ലോക മനസാക്ഷിയുടെ വേദനയായി മാറിയ ആന്‍ഫ്രാങ്കിന്റെ പേര് ബര്‍ഗറിനിട്ട അര്‍ജന്റീനിയന്‍ ഭക്ഷണശാലയുടെ നടപടിയില്‍ വന്‍ പ്രതിഷേധം. ആന്‍ഫ്രാങ്കിന്റെ കൂടാതെ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറിന്റെ പേരും ഒരു വിഭവത്തിനു നല്‍കിയിട്ടുണ്ട്. ജൂത സമൂഹമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സാന്റാ ഫെ പ്രവിശ്യയിലെ റാഫേല നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഹോങ്കി ഡോങ്കി റെസ്റ്ററന്റാണ് ചരിത്ര പൗരന്മാരുടെ പേര് മെനുവില്‍ ഉള്‍പ്പെടുത്തിയത്. ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവത്തിന് 'അഡോള്‍ഫ് ഫ്രൈസ്' എന്നാണു പേരിട്ടിരിക്കുന്നത്. റസ്റ്റോറന്റിനെതിരെ സമൂഹ മാധ്യമത്തിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
റഫേല നഗരത്തിലെ ജൂത സമൂഹമാണ് വിമര്‍ശനം ഉന്നയിച്ചത്. ഭക്ഷണശാലയുടെ ഈ പ്രവര്‍ത്തി തികച്ചും കുറ്റകരവും വെറുപ്പുളവാക്കുന്നതുമാണെന്ന് ജൂത സംഘടനകള്‍ പറയുന്നു. സംഭവത്തില്‍ ഹോങ്കി ഡോങ്കി റസ്റ്റോന്റിനെതിരെ ജൂത സമുദായം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
'നമ്മുടെ നഗരത്തിലെ ഒരു ഫാസ്റ്റ് ഫുഡ് ഭക്ഷണശാല അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആന്‍ ഫ്രാങ്കിന്റെയും അഡോള്‍ഫ് ഹിറ്റ്‌ലറിന്റെയും പേരുകള്‍ ഉപയോഗിക്കുന്നുവെന്ന വിവരം ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. റഫേല ജൂത സമൂഹം ഇത് ബഹിഷ്‌കരിക്കുകയും രോഷം അറിയിക്കുകയും ചെയ്യുന്നു. റെസ്റ്റോറന്റിനെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കുകയാണ്' - അവര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
1942ല്‍ നെതര്‍ലന്റ്‌സിനെ നാസി ഭരണകൂടം കൈയ്യടക്കിയതിനെ തുടര്‍ന്ന് ജൂത പെണ്‍കുട്ടിയായ ആന്‍ഫ്രാങ്കും കുടുംബവും പിതാവിന്റെ സുഹൃത്തിന്റെ സഹായത്തോടെ നാസികളില്‍ നിന്ന് ഒളിച്ച് താമസിക്കുകയായിരുന്നു. അക്കാലത്താണ് ആന്‍ ഡയറി എഴുതാന്‍ തുടങ്ങിയത്.
ഒളിവ് കാലത്തെ അനുഭവങ്ങളായിരുന്നു ഡയറി കുറിപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വൈകാതെ ആനിനെയും കുടുംബത്തെയും നാസികള്‍ പിടികൂടി ഹോളോകാസ്റ്റ് ക്യാമ്പുകളിലേക്ക് അയച്ചു. അവിടെ വച്ച് മാതാവിനെയും സഹോദരിയെയും അവള്‍ക്ക് നഷ്ടമായി.
ഹോളോകാസ്റ്റ് ക്യാമ്പിലെ ദാരുണവും അതിഭീകരവുമായ അവസ്ഥയും ആന്‍ തന്റെ ഡയറി കുറിപ്പില്‍ പങ്ക് വച്ചിട്ടുണ്ട്. നാസി ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം മോചിതനായ ആനിന്റെ പിതാവാണ് ഡയറികുറിപ്പുകള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത്. 1945ല്‍ ബെര്‍ഗന്‍- ബെല്‍സെന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് മരിച്ച ആനിന്റെ ഡയറി കുറിപ്പുകള്‍ പില്‍ക്കാലത്ത് യുദ്ധകാല സാഹിത്യങ്ങളിലെ ഒരു ക്ലാസിക്കായി മാറുകയായിരുന്നു.
ഹോങ്കി ഡോങ്കി റെസ്റ്റോറന്‍ഡിന്റെ മെനുവില്‍ ചരിത്ര പൗരന്മാരുടെ പേരില്‍ മറ്റ് ആഹാരങ്ങളുമുണ്ട്. മംഗോളിയന്‍ യുദ്ധപ്രഭു ചെങ്കിസ് ഖാന്‍, ഇറ്റാലിയന്‍ ഫാസിസ്റ്റ് സ്വേച്ഛാധിപതി ബെനിറ്റോ മുസോളിനി, ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് മാവോ സേതുങ് എന്നിവരുടെ പേരിലുള്ള വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.