മണിപ്പൂരിന് 10 കോടിയുടെ സഹായ വാഗ്ദാനവുമായി സ്റ്റാലിന്‍; തമിഴരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യം

മണിപ്പൂരിന് 10 കോടിയുടെ സഹായ വാഗ്ദാനവുമായി സ്റ്റാലിന്‍; തമിഴരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യം

ചെന്നൈ: വംശീയ കലാപം നടക്കുന്ന മണിപ്പൂരിന് 10 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മാനുഷിക പരിഗണനയെന്ന നിലയില്‍ അയയ്ക്കുന്ന അവശ്യ സാധനങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് സ്റ്റാലിന്‍ കത്തയച്ചു.

കലാപത്തിനിരയായ 50,000 ലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദുരിത ബാധിതര്‍ക്ക് ഒട്ടേറെ വസ്തുക്കളുടെ ആവശ്യമുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് ബെഡ് ഷീറ്റുകള്‍, കൊതുകു വലകള്‍, അവശ്യ മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍, പാല്‍പൊടി തുടങ്ങിയവ അയയ്ക്കാന്‍ തീരുമാനിച്ചതെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.

ദുരിതാശ്വാസ സാമഗ്രികള്‍ വേഗത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ച സ്റ്റാലിന്‍ മണിപ്പൂരിലുള്ള തമിഴരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ബിരേന്‍ സിങിനോട് ആവശ്യപ്പെട്ടു.

അതേസമയം രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ചയ്ക്ക് വെയ്ക്കാന്‍ പ്രതിപക്ഷവും സര്‍ക്കാരും സമ്മതിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ഭാഗം പറയാന്‍ മതിയായ സമയം അനുവദിച്ചാല്‍ ഏത് ചട്ടത്തിലും സമഗ്രമായ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണെന്ന് പ്രതിപക്ഷം അറിയിച്ചു.

മണിപ്പൂരിലെ സ്ഥിതിഗതികളില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ചേംബറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.