ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമാകുന്നതിനിടെ, വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികളും ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ടെത്തി വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും.
ഇന്നലെ ഡല്‍ഹിയിലെത്തിയ ചീഫ് സെക്രട്ടറിയും ഡിജിപിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.
ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്റെ (ഐടിഎല്‍എഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. മെയ് 29 നും ജൂണ്‍ ഒന്നിനും ഇടയില്‍ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഐടിഎല്‍എഫ് നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.
കലാപം തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ കുക്കി പീപ്പിള്‍സ് അലയന്‍സ് ഇന്നലെ പിന്‍വലിച്ചിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
മണിപ്പൂരിലെ വിവിധയിടങ്ങളില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ നിലവിലുള്ള 40,000 സൈനികര്‍ക്ക് പുറമെ പത്ത് ബറ്റാലിയന്‍ ഭടന്‍മാരെക്കൂടി സംസ്ഥാനത്ത് വിന്യസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.