പ്രതിപക്ഷ ഭേദഗതികള്‍ തള്ളി ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കി

 പ്രതിപക്ഷ ഭേദഗതികള്‍ തള്ളി ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ ശബ്ദ വോട്ടില്‍ തള്ളി ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ലോക്‌സഭ പാസാക്കി.

ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് നിര്‍ദ്ദിഷ്ട നിയമ നിര്‍മ്മാണം ലക്ഷ്യമിടുന്നതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. എന്നാല്‍ ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ സേവനങ്ങള്‍, സബ്‌സിഡി, ലൈസന്‍സ് തുടങ്ങിയവയ്ക്കായി നല്‍കുന്ന വ്യക്തി വിവരങ്ങള്‍ മറ്റ് പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍.

ദേശീയ സുരക്ഷാ കാരണങ്ങളാല്‍ വ്യക്തമായ സമ്മതം തേടാതെയും ആനുകൂല്യങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സ് അല്ലെങ്കില്‍ പെര്‍മിറ്റ് തുടങ്ങിയ മറ്റ് സേവനങ്ങളുടെ പേരിലും കേന്ദ്രത്തിന് പൗരന്മാരുടെ ഡാറ്റ പ്രോസസ് ചെയ്യാം.

ബില്‍ അനുസരിച്ച് ദേശീയ സുരക്ഷ, വിദേശ സര്‍ക്കാരുകളുമായുള്ള ബന്ധം, പൊതു ക്രമം പരിപാലനം എന്നിവ ചൂണ്ടിക്കാട്ടി പ്രതികൂലമായ പ്രത്യാഘാതങ്ങളില്‍ നിന്ന് 'സംസ്ഥാനത്തിന്റെ ഏത് ഉപകരണത്തെയും' ഒഴിവാക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് ഉണ്ട്.

ഓഗസ്റ്റ് മൂന്നിനാണ് ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (ഡിപിഡിപി) ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വ്യക്തികളുടെ ഡിജിറ്റല്‍ ഡാറ്റ ദുരുപയോഗം ചെയ്യുകയോ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 250 കോടി രൂപ വരെ പിഴ ചുമത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

രണ്ടില്‍ കൂടുതല്‍ സന്ദര്‍ഭങ്ങളില്‍ ഒരു സ്ഥാപനത്തിന് പിഴ ചുമത്തിയാല്‍, കേന്ദ്ര സര്‍ക്കാരിന് ആ സ്ഥാപനത്തിന്റെ വാദം കേട്ട ശേഷം രാജ്യത്ത് അവരുടെ പ്ലാറ്റ്‌ഫോം തടയാന്‍ തീരുമാനിക്കാമെന്നും ബില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.