ഉക്രെയ്ന്‍ അധിനിവേശത്തെ പ്രകീര്‍ത്തിക്കുന്ന ചരിത്ര പാഠപുസ്തകം പുറത്തിറക്കി റഷ്യ; തയാറാക്കിയത് അഞ്ചു മാസങ്ങള്‍ക്കുള്ളില്‍

ഉക്രെയ്ന്‍ അധിനിവേശത്തെ പ്രകീര്‍ത്തിക്കുന്ന ചരിത്ര പാഠപുസ്തകം പുറത്തിറക്കി റഷ്യ; തയാറാക്കിയത് അഞ്ചു മാസങ്ങള്‍ക്കുള്ളില്‍

മോസ്‌കോ: ഒരു രാജ്യത്തെ ജനതയെ മുഴുവന്‍ തീരാദുരിതങ്ങളിലേക്കു തള്ളിവിട്ട ഉക്രെയ്ന്‍ അധിനിവേശത്തെ പുകഴ്ത്തുന്ന പാഠപുസ്തകം പുറത്തിറക്കി റഷ്യന്‍ സര്‍ക്കാര്‍. 11-ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലാണ് ലോകത്തിന്റെ വിമര്‍ശനമേറ്റു വാങ്ങിയ റഷ്യന്‍ സൈനിക നടപടിയെ പ്രകീര്‍ത്തിക്കുന്ന ഉള്ളടക്കമുള്ളത്. കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സെര്‍ജി ക്രാവ്സോവ് പുതിയ പുസ്തകം അനാച്ഛാദനം ചെയ്തു.

ഉക്രെയ്ന്‍ ആക്രമണത്തിന്റെ ലക്ഷ്യങ്ങള്‍ സ്‌കൂള്‍ കുട്ടികളുടെ അറിവിലേക്ക് എത്തിക്കുക എന്നഎന്ന ഉദ്ദേശത്തോടെ അഞ്ചു മാസങ്ങള്‍ക്കുള്ളിലാണ് പാഠപുസ്തകം തയാറാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 2014-ല്‍ ഉക്രെയ്നില്‍ നിന്ന് ക്രിമിയ റഷ്യ പിടിച്ചെടുത്തതിന്റെ ചരിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റഷ്യന്‍ സൈനികര്‍ സമാധാനം സംരക്ഷിക്കുന്നു എന്ന നിലയിലാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങളെയും അപലപിക്കുന്നുണ്ട്. പടിഞ്ഞാറിന്റെ ലക്ഷ്യം റഷ്യയെ അസ്ഥിരപ്പെടുത്തുക എന്നതാണെന്നും കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തിടുക്കത്തില്‍ റഷ്യ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ചരിത്ര പാഠപുസ്തകം പുറത്തിറക്കിയത്. വരാനിരിക്കുന്ന അധ്യയന വര്‍ഷത്തെ പാഠ്യപദ്ധതിയുടെ ഒരു പ്രധാന ഭാഗമായി റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടുത്തുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ ഒന്നു മുതല്‍ മെയ് അവസാനം വരെ നീളുന്നതാണ് റഷ്യയിലെ ഒരു അധ്യയന വര്‍ഷം. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂളുകളില്‍ കുട്ടികള്‍ തിരിച്ചെത്തുമ്പോഴേക്കും പാഠപുസ്തകങ്ങള്‍ വിതരണത്തിനായി എത്തിക്കുമെന്നും സെര്‍ജി ക്രാവ്സോവ് പറഞ്ഞു.

റഷ്യയെയും ക്രിമിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍പാലത്തിന്റെ ചിത്രമാണ് പുസ്തകത്തിന്റെ പുറംചട്ടയിലുള്ളത്. യുദ്ധത്തിനിടെ സ്‌ഫോടനത്തില്‍ ഈ പാലം തകര്‍ന്നിരുന്നു.

അതേസമയം, ഉക്രെയ്ന്‍ യുദ്ധത്തിനെതിരേ പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നടപടി റഷ്യ തുടരുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ പോലും ഇത് പ്രകടമാണ്. യുദ്ധവിരുദ്ധ ചിത്രം വരച്ച ഒരു റഷ്യന്‍ പെണ്‍കുട്ടിയെ കുടുംബത്തില്‍നിന്നു വേര്‍പെടുത്തുകയും പിതാവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.