​ഇക്കഡോർ പ്രസിഡണ്ട് സ്ഥാനാർഥിയുടെ കൊലപാതകം; രാജ്യത്ത് അടിയന്തരാവസ്ഥ; ആറ് പ്രതികൾ അറസ്റ്റിൽ, അക്രമത്തെ അപലപിച്ച് കത്തോലിക്ക മെത്രാന്മാർ

​ഇക്കഡോർ പ്രസിഡണ്ട് സ്ഥാനാർഥിയുടെ കൊലപാതകം; രാജ്യത്ത് അടിയന്തരാവസ്ഥ; ആറ് പ്രതികൾ അറസ്റ്റിൽ, അക്രമത്തെ അപലപിച്ച് കത്തോലിക്ക മെത്രാന്മാർ

ക്വിറ്റോ: ഇക്വഡോറിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാൻ പത്ത് ദിവസം ബാക്കി നിൽക്കെ സ്ഥാനാർഥി വെടിയേറ്റ് മരിച്ചതിനു പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ അസംബ്ലി അംഗമായ ഫെർണാണ്ടോ വില്ലവിസെൻസിയോയാണ് തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായ ആറ് പേർ കൊളംബിയൻ പൗരന്മാരാണെന്ന് പൊലീസ് റിപ്പോർട്ട്. പ്രതികളിൽ നിന്ന് നാല് ഷോട്ട്ഗൺ, 5.56 മില്ലിമീറ്റർ റൈഫിൾ, വെടിമരുന്ന്, മൂന്ന് ഗ്രനേഡുകൾ, ഒരു വാഹനം, മോട്ടോർ സൈക്കിൾ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ കൊലപാതകത്തെ ഇക്വഡോർ ബിഷപ്പ്മാരുടെ സമ്മേളനം അപലപിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അഴിച്ചുവിടുന്ന എല്ലാത്തരം അക്രമങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. വില്ലാവിസെൻസിയോയുടെ കുടുംബത്തോടുള്ള തങ്ങളുടെ അഗാധമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തെന്ന് ബിഷപ്പുമാർ അറിയിച്ചു.

ബുധനാഴ്ച ക്വിറ്റോയിൽ നടന്ന പരിപാടിക്ക് ശേഷം കാറിൽ കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതിൽ മുൻനിരയിലുള്ള നേതാവായിരുന്നു ഫെർണാണ്ടോ. ഒന്നിലധികം തവണ വധഭീഷണി ലഭിച്ചതായി ആക്രമണം നടക്കുന്നതിന് അൽപം മുമ്പ് ഫെർണാണ്ടോ വില്ലവിസെൻസിയോ പറഞ്ഞിരുന്നു.അക്രമി റാലിയിൽ പങ്കെടുത്ത ഫെർണാണ്ടോ അനുകൂലികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടാതിരുന്നത് വൻ ദുരന്തം ഒഴിവായി. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. നിലവിലെ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ മരണം സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. കുറ്റവാളികൾ കർശനമായും ശിക്ഷിക്കപ്പെടുമെന്ന് ലാസ്സോ ഉറപ്പ് നൽകി.

അഴിമതിക്കെതിരെ ഉയർന്ന ശബ്‌ദം

രാജ്യത്തെ അഴിമതിയ്ക്കെതിരെ ശക്തമായ ശബ്ദം ഉയർത്തിയ വ്യക്തിയാണ് ഫെർണാണ്ടോ വില്ലവിസെൻസിയോ. മാധ്യമ പ്രവർത്തകനായാണ് ഫെർണാണ്ടോ വില്ലവിസെൻസിയോ കരിയർ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച തനിക്ക് ഒരു ലഹരി കടത്തുകാരിൽ നിന്ന് വധ ഭീഷണിയുള്ളതായി ഫെർണാണ്ടോ വില്ലവിസെൻസിയോ വിശദമാക്കിയിരുന്നു. 59കാരനായ ഫെർണാണ്ടോ വില്ലവിസെൻസിയോയ്ക്ക് അഞ്ച് മക്കളാണുള്ളത്.

തങ്ങൾ കൊല്ലപ്പെടുകയാണെന്നും ദുഖത്തിൽ ആണ്ടിരിക്കുകയാണെന്നും ഇത്തരമൊരു ജീവിതമല്ല തങ്ങൾ അർഹിക്കുന്നതെന്നും അക്രമണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും ഇക്വഡോറിലെ മുൻ വൈസ് പ്രസിഡൻറ് ഓട്ടോ സോണെൻഹോൾസ്‌നറി പ്രതികരിച്ചു. 2007 മുതൽ 2017 വരെയുള്ള മുൻ പ്രസിഡൻറ് റാഫേൽ കൊറിയയുടെ ഭരണകാലത്ത് അഴിമതിക്കെതിരെ ഉയർന്ന ശക്തമായ ശബ്‌ദങ്ങളിൽ ഒന്നായിരുന്നു ഫെർണാണ്ടോ വില്ലവിസെൻസിയോയുടേത്.മുൻ പ്രസിഡൻറിനെതിരെയും മറ്റ് പല ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ജുഡീഷ്യൽ പരാതികളും ഇദ്ദേഹം നൽകിയിട്ടുണ്ട്. അക്രമാസക്തമായ കൊലപാതകങ്ങളും മയക്കുമരുന്ന് കടത്തും ഇക്വഡോറിൽ വർധിച്ചുവരുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.