ചൈനീസ് അനുകൂല വാര്‍ത്തകള്‍ക്ക് പണം നല്‍കിയെന്ന ആരോപണം: അമേരിക്കന്‍ ശതകോടീശ്വരനുമായുള്ള പ്രകാശ് കാരാട്ടിന്റെ ഇ മെയില്‍ ഇ.ഡി പരിശോധിക്കുന്നു

ചൈനീസ് അനുകൂല വാര്‍ത്തകള്‍ക്ക് പണം നല്‍കിയെന്ന ആരോപണം: അമേരിക്കന്‍ ശതകോടീശ്വരനുമായുള്ള പ്രകാശ് കാരാട്ടിന്റെ ഇ മെയില്‍ ഇ.ഡി പരിശോധിക്കുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ ഇ മെയില്‍ ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിക്കുന്നു.

ചൈനീസ് അനുകൂല പ്രചാരണത്തിനായി 'ന്യൂസ് ക്ലിക്ക്' എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് സിംഘം പണം നല്‍കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിലേക്കും നീളുന്നത്.

ചൈനയില്‍ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് 2021 ജനുവരിയില്‍ അയച്ച ഇ മെയിലില്‍ കാരാട്ട് അഭിപ്രായപ്പെട്ടതായി ഇ.ഡി ചൂണ്ടിക്കാട്ടി. കാരാട്ടും സിംഘവും തമ്മില്‍ ഇ മെയിലില്‍ ആശയ വിനിമയം നടത്തിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദൂബെ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ വര്‍ഗീയ അജണ്ടയെ നിരന്തരം എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള സിംഘം ന്യൂസ് ക്ലിക്കിന് പണം നല്‍കിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയെത്തുടര്‍ന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറില്‍ ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസ് ഇഡി റെയ്ഡ് ചെയ്തിരുന്നു.

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ കുടുംബാംഗങ്ങള്‍ക്ക് 40 ലക്ഷം രൂപയും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പരഞ്‌ജോയ് ഗുഹ താക്കുര്‍ത്തയ്ക്ക് 72 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് കൈമാറിയതും ഇ.ഡി പരിശോധിക്കുന്നുണ്ട്.

ജയിലുള്ള ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് 17.08 ലക്ഷം രൂപയും സിപിഎം ഐടി സെല്‍ അംഗവും ന്യൂസ് ക്ലിക്കിന്റെ ഓഹരി പങ്കാളിയുമായ ബപ്പാദിത്യ സിന്‍ഹയ്ക്ക് 97.32 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് 'ശമ്പള'മായി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ്‌ക്ലിക്കിനും അതിന്റെ പ്രൊമോട്ടര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി, സിംഘവുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്ന് 86 കോടിയിലധികം രൂപയുടെ വിദേശ ഫണ്ട് നിക്ഷേപം അതിന്റെ ഹോള്‍ഡിംഗ് കമ്പനിയായ പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിലേക്ക് വന്നതും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.