ലിസ്ബണിലെ പ്രശസ്തമായ ക്രിസ്തു ശില്‍പം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത് പോര്‍ഷെയുടെ പരസ്യം; വിവാദമായതോടെ ക്ഷമാപണം നടത്തി കമ്പനി

ലിസ്ബണിലെ പ്രശസ്തമായ ക്രിസ്തു ശില്‍പം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത് പോര്‍ഷെയുടെ പരസ്യം; വിവാദമായതോടെ ക്ഷമാപണം നടത്തി കമ്പനി

ലിസ്ബണ്‍: ആഡംബര കാര്‍ ബ്രാന്‍ഡായ പോര്‍ഷെ പുറത്തിറക്കിയ പരസ്യത്തില്‍ പോര്‍ച്ചുഗലിലെ പ്രശസ്തമായ ക്രിസ്തു ശില്‍പം എഡിറ്റ് ചെയ്ത് നീക്കം ചെയ്തതില്‍ ക്ഷമാപണം നടത്തി കമ്പനി. പോര്‍ഷെ 911 കമ്പനിയുടെ 60 വര്‍ഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പരസ്യത്തില്‍ നിന്നുമാണ് യേശുക്രിസ്തുവിന്റെ പ്രതിമ നീക്കം ചെയ്തത്. ഇതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലടക്കം വീഡിയോക്കെതിരെ പ്രതിഷേധം ശക്തമായി.

തുടര്‍ന്ന് കമ്പനി ക്ഷമാപണം നടത്തുകയും ക്രിസ്തു ശില്‍പമുള്ള പുതിയ ക്ലിപ്പ് പുറത്തിറക്കുകയും ചെയ്തത്. പരസ്യം പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തെ അവഗണിക്കുന്നുവെന്നും ലാന്‍ഡ്മാര്‍ക്ക് പ്രതിമ നീക്കം ചെയ്തത് തെറ്റായെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. സംഭവം വന്‍ വിവാദമായതേടെ പരസ്യം നിര്‍മ്മിച്ച ജര്‍മ്മന്‍ കമ്പനി മുഴുവന്‍ പ്രതിമയും ഉള്‍പ്പെടുന്ന വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

പോര്‍ച്ചുഗീസ് നഗരങ്ങളായ അല്‍മാഡയെയും ലിസ്ബണിനെയും വിഭജിക്കുന്ന ടാര്‍ഗസ് നദിയെ അഭിമുഖീകരിച്ചാണ് യേശുക്രിസ്തുവിന്റെ പ്രശസ്ത പ്രതിമ നില്‍ക്കുന്നത്. യുദ്ധത്തില്‍ നിഷ്പക്ഷത പുലര്‍ത്തിയതിനാല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ നാശത്തില്‍ നിന്ന് പോര്‍ച്ചുഗലിനെ രക്ഷിച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിനാണ് 1959 ല്‍ സ്മാരകം നിര്‍മ്മിച്ചത്.

രണ്ടര മിനിറ്റ് പരസ്യത്തില്‍ 44-ാം സെക്കന്‍ഡിലാണ് വിവാദ എഡിറ്റിങ് ഉണ്ടാകുന്നത്. പാലത്തിന്റെയും നദിയുടെയും പശ്ചാത്തലത്തിലൂടെ ഒരു പോര്‍ഷെ കാര്‍ കടന്നു പോകുമ്പോള്‍ അവിടെയുള്ള, 92 അടി ഉയരമുള്ള ശില്‍പം അപ്രത്യക്ഷമായ നിലയിലായിരുന്നു. അതേസമയം ശില്‍പം സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് പീഠം ദൃശ്യമായിരുന്നു. ഈ എഡിറ്റിങ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കമ്പനി ക്ഷമാപണം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.