ടെക്സാസ്: നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ് വി.പി.സത്യന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫി ഓപ്പണ്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ചു സമാന്തരമായി സംഘടിപ്പിച്ച ഓവര്‍ 35 കാറ്റഗറി സെവന്‍സ് ടൂര്‍ണമെന്റില്‍ ആതിഥേയരായ ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് ജേതാക്കളായി. പരിചയ സമ്പത്തുമായി കാനഡയില്‍ നിന്നെത്തിയ ടൊറാന്റോ ഡയമണ്ട് എഫ്‌സി റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി.

മികച്ച അച്ചടക്കമുള്ള ടീമിനുളള പ്രത്യേക ഫെയര്‍ പ്ലേ അവാര്‍ഡും ഡയമണ്ട് എഫ്‌സി നേടി. ഗ്രൗണ്ട് സപ്പോര്‍ട്ടിന്റെ ആനുകൂല്യമുണ്ടായിരുന്ന ഓസ്റ്റിനെതിരെ, സബില്ലാതെയും പരുക്കുമായാണ് കാനഡ ഇറങ്ങിയത്.
മുന്‍ സന്തോഷ് ട്രോഫി താരവും ഡയമണ്ട് എഫ്സിയുടെ സെന്ററും, പരിശീലകനുമായ ഡെന്നിസ് ജോര്‍ജ് മികച്ച കളിക്കാരനുള്ള എംവിപി പുരസ്‌കാരം നേടി. സുബാഷ് നായര്‍ (ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്) ഗോള്‍ഡന്‍ ബൂട്ട് ട്രോഫിയും, താരിഖ് ഇസ്മായിലും (ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്) മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് ട്രോഫിയും കരസ്ഥമാക്കി.
പതിനൊന്നു ടീമുകകളാണ് സെവന്‍സില്‍ അങ്കത്തിനിറങ്ങിയത്. എഫ്‌സിസി ഡാളസ്, കണക്റ്റിക്കട്ട് സിറ്റിസണ്‍സ് എന്നിവര്‍ സെമി കണ്ടു മടങ്ങി. സന്തോഷ് ട്രോഫി ഉള്‍പ്പെടെ ദേശീയ തലത്തില്‍ കളിച്ച നിരവധി താരങ്ങളും, യൂണിവേഴ്സിറ്റി താരങ്ങളും സെവന്‍സ് ടൂര്‍ണമെന്റില്‍ അണിനിരന്നപ്പോള്‍ സെവന്‍സ് ടൂര്‍ണമെന്റില്‍ ടീമുകള്‍ മിന്നും പ്രകടനം കാഴ്ചവച്ചു.
ഓവര്‍ 35 സെവന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍: ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സ്, കരോള്‍ട്ടണ്‍ എഫ്‌സിസി, ഡാളസ് ഡൈനാമോസ്, ഹാര്‍ട്ട്‌ഫോര്‍ഡ് കണക്റ്റിക്കട്ട് സിറ്റിസണ്‍സ്, ഹ്യൂസ്റ്റണ്‍ സ്‌ട്രൈക്കേഴ്‌സ്, ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ്, ന്യൂ യോര്‍ക്ക് ഐലന്‍ഡേഴ്സ്, എംഎഫ്‌സി കാലിഫോര്‍ണിയ, ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് ഈഗിള്‍സ്, ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് ഈഗിള്‍സ്, ഹ്യൂസ്റ്റണ്‍ യുണൈറ്റഡ്, ടൊറന്റോ ഡയമണ്ട് എഫ്സി.





ടൂര്‍ണമെന്റിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍ ജിബി പാറക്കല്‍, നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ് പ്രസിഡന്റ് അജിത് വര്‍ഗീസ്, സില്‍വര്‍ സ്‌പോണ്‍സര്‍മാരായ രെഞ്ചു രാജ് വിന്‍ഡ്സര്‍ റിയല്‍റ്റി,
പ്രൈം ഫാമിലി കെയറിനെ പ്രതിനിധീകരിച്ചു ലിറ്റി വടക്കന്‍, മാത്യു ചാക്കോ, (മാത്യൂസ് CPA Inc.) ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീജിത്ത് ചുലിയന്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും പുരസ്‌കാരങ്ങളും സമ്മാനിച്ചു.
ടൂര്‍ണമെന്റ് സംഘടകരായ ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് സോക്കര്‍ ക്‌ളബ്ബിന്റെ നീണ്ടകാല തയ്യാറെടുപ്പുകള്‍ ഇരു ടൂര്‍ണമെന്റുകളും വന്‍ വിജയമാക്കി. പ്രസിഡന്റ് അജിത് വര്‍ഗീസ്, വൈസ് പ്രസിഡന്റ് പ്രശാന്ത് വിജയന്‍, സെക്രട്ടറി താരിഖ് ഇസ്മായില്‍, ട്രഷറര്‍ ബിജോയ് ജെയിംസ് എന്നിവരാണ് സ്ട്രൈക്കേഴ്സ് സാരഥികള്‍. അടുത്ത നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ് 2024 ല്‍ ന്യൂയോര്‍ക്ക് ഐലന്‍ഡേഴ്സിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.