കനലെരിയാത്ത മണിപ്പൂരിനായി ഒരു കവിത

കനലെരിയാത്ത മണിപ്പൂരിനായി ഒരു കവിത

ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം കൊണ്ടാടുമ്പോള്‍, കത്തിയെരിയുന്ന മണിപ്പൂര്‍ ഒരു കനലായ് ഭാരതാംബയുടെ ഹൃദയത്തില്‍ എരിയുകയാണ്. നഗ്നരാക്കപ്പെട്ട് തെരുവില്‍ വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ മാനാഭിമാനം ആ സ്വതന്ത്ര്യത്തിന് നേരെ വിരല്‍ ചൂണ്ടുന്നു. ആ കനല്‍ കവിതാ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫാദര്‍ റോയി കണ്ണച്ചിറ.

ഭാരത് മാതാ കീ ജയ്!

കത്തുന്ന കണ്ണും കരിഞ്ഞ സ്വപനങ്ങളും
മൊത്തവിലയ്ക്കു വില്ക്കുന്നൊരെന്‍ ഭാരതം
വിണ്ടുതുടങ്ങിയ നിന്റെ കൈവെള്ളയില്‍
കണ്ടു ഞാന്‍ ജീവനുണങ്ങിയ പാടുകള്‍...
ഏഴുപതിറ്റാണ്ടിനപ്പുറം പ്രാണന്റെ ആഴികടഞ്ഞെടുത്തേകിയ സ്വാതന്ത്ര്യ-
മാരുടേതാണെന്നു, മാര്‍ക്കെല്ലാമുണ്ടെന്നു- മാരുമറിയാത്തോരിന്ത്യ - ഈ രാജ്യമ-
തെത്ര മഹോന്നതമെങ്കിലും, മെങ്ങുപോ-
യിത്രനാള്‍ ചൂടിയോരാമഹാദര്‍ശനം?
..................................................
വിശ്വമാകെ പുകള്‍പെറ്റ ജനായത്ത
വിശ്വാസമീ നാടിന്നുള്‍ക്കാമ്പിലൂറവേ,
വിശ്രുതമാ, മഹിംസാര്‍ത്ഥമീ മണ്ണിന്റെ
യശ്രുസൂനംപോല്‍ മഹാത്മജി വാഴവേ...
സത്യ, സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ
ശക്തിയായ്, രാജ്യമഭ്യുന്നതി പുല്‍കവേ,
ശാസ്ത്രസാങ്കേതികാവേഗ, മീ ലോകത്തിന്‍
നേത്രമാണെന്ന വിഖ്യാതി ചൂടീടവേ...
.............................................................
ഇന്നും മുഴങ്ങുന്നീ ഭാരതത്തിന്‍ ഹൃത്തില്‍
ചിന്നിച്ചിതറുമാദീന സ്വനം, മാ! മാ!
നിഷാദരേ, ക്രൗഞ്ച മിഥുനങ്ങളല്ല, മാ-
നുഷരാണ്, നിങ്ങടെ ചോരയാണ, രുതേ!
അമ്പെയ്തു വീഴ്ത്തരു, തീ ഭാരതത്തിന്റെ
യന്‍പെഴുമാര്‍ഷ പുണ്യങ്ങളെ! വര്‍ഗീയ
വംശീയ, രാഷ്ട്രീയ വൈരാഗ്യ വിഷമുള്ള
അസ്ത്രങ്ങളെയ്‌തെയ്തു, വീഴ്ത്തരു, തമ്മതന്‍
ഗാത്രം വ്രണിതമായി തീര്‍ക്കരുതേ...
തീവ്രാദങ്ങള്‍ക്കായ് ജന്മഭൂവിന്‍ നന്മ
തീറെഴുതുന്നവരുണ്ടിവിടെ
രാഷ്ട്രീയമിന്നു വന്‍ വ്യവസായമാക്കിയ
രാക്ഷസനേതാക്കളുണ്ടിവിടെ
ജാതിതന്‍ രാഷ്ട്രീയ ചേരികള്‍ക്കപ്പുറം
നീതി വിദൂരമാണിന്നിവിടെ
നീതിന്യായാധിപരില്‍ നിന്നുപോലുമ-
നീതി തന്‍ വിധികളേറുന്നിവിടെ
അധികാരമേറിയാലാര്‍ത്തീയാണേവര്‍ക്കു
മതി മോഹികളേറേയുണ്ടിവിടെ
ചന്ദ്രയാന്‍ വാനില്‍ കുതിച്ചുയരുമ്പോഴും
അന്തസ്സിടിഞ്ഞുവീഴുന്നിവിടെ!
ഉടുതുണിയുരിയെടുത്തു പെങ്ങന്മാരെ
നടുവഴിയിലവഹേളിക്കുന്നിവിടെ!
ഗോത്രവൈരം മറയാക്കി മണിപ്പൂരില്‍
മാത്രമല്ലക്രമമിന്നിവിടെ!
അന്നര്‍ധരാത്രിയില്‍ ചെങ്കോട്ടതന്‍ മാറില്‍
മിന്നി ത്രിവര്‍ണ പതാക വാഴ്‌കേ!
രാജ്യമൊന്നായ് മഹാ ദേശീയഗാനത്തിന്‍
രാഗലാവണ്യത്തിലാലസിക്കേ...
കല്‍ക്കട്ടയില്‍ മതവൈരപ്പിശാചുക്കള്‍
കത്തിമുനകളില്‍ നൃത്തമാടി!
ശാന്തിയോതി നവഖാലിയോരങ്ങളില്‍
ഗാന്ധി നടന്നതന്നെത്ര ദുരം!
ഗാന്ധിമടങ്ങി, ' ഹേ റാ ' മെന്നു ചൊ,ന്നെന്നാല്‍
ശാന്തി മടങ്ങി വന്നില്ലിവിടെ!
പഞ്ചനദികള്‍ തന്‍ തീരങ്ങളിലെത്ര
നെഞ്ചുതുളഞ്ഞു പിടഞ്ഞുവീണു!
റാഞ്ചിയില്‍, മീററ്റില്‍, ജമ്മുവില്‍, കാഷ്മീരില്‍
കാഞ്ചിവലിച്ചവരെന്തു നേടി!
മുംബൈയില്‍, ബീഹാറില്‍, ആസ്സാമില്‍, മാണ്ഡ്യയില്‍ അമ്പേമുറിവേറ്റതിന്ത്യതന്നെ!
കാണ്ഡമാലില്‍ വീണ ചോരയ്ക്കും ബാംഗ്ലൂരും
കാണ്‍പൂരും ചോരയ്‌ക്കൊരേ നിറംതന്‍!
കോയമ്പത്തൂരില്‍, മുസാഫര്‍നഗരത്തിലും
മായുന്നതിന്ത്യതന്‍ കാന്തിതന്നെ!
മണിപ്പൂരില്‍മാത്രമല്ലെല്ലാ കലാപവും
മനഃപൂര്‍വമുരുവായതാണു സത്യം!
അവിഭക്ത ഭാരതമെന്ന സങ്കല്പത്തെ-
യടവച്ചുവിരിയിക്കാനാരുവരും?
ഏകത്വമാണു നാനാത്വത്തിലെന്നോതാന്‍
പാകതയുള്ളോരാളുണ്ടാകുമോ?
ഭാവവും രാഗവും താളവുമൊന്നാകും
ഭാരതമെന്ന നേരുണ്ടാകുമോ?
അമ്മേ മഹാഭാരതാംബികേ നിന്‍ സ്വത്വ
നന്മകളീമക്കളേറ്റെടുക്കാം
ജാതി മത വര്‍ണ്ണ വര്‍ഗ്ഗവൈരത്തിന്റെ
ഭീതി നീക്കി സാഹോദര്യമേകാം.
നീതിയെങ്ങും പൂത്തുലയും സമത്വമി
ന്നോതിയുണര്‍ത്തിടാം ഞങ്ങളൊന്നായ്
കാവലാകാം തമ്മില്‍, വിദ്വേഷവേഷത്തില്‍
കൂവലാകാതെ കൈകോര്‍ത്തൂണര്‍ത്താം
ഭാരതമെന്റെ നാടേവരുമെന്റേതെ-
ന്നാരവമൊന്നായിവിടുയര്‍ത്താം!
ഭാരത് മാതാവേ നിനക്കു ജയ് ജയ് എന്ന
ഭാവമുള്ളില്‍ ചിരം ചേര്‍ത്തുവയ്ക്കാം.
നിന്റെ സ്വാതന്ത്ര്യത്തിന്‍ സൂക്ഷിപ്പുകാരനായ്
എന്റെ സാന്നിധ്യമുറപ്പുനല്‍കാം.
അമ്മതന്‍ സൗവര്‍ണ സൗഭഗങ്ങള്‍ മക്കള്‍
നന്മയായ് തമ്മില്‍ പകര്‍ന്നെടുക്കാം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.