എറണാകുളം അങ്കമാലി ബസിലിക്കയിലെ സംഘര്‍ഷം; അപലപിച്ച് സീറോ മലബാര്‍ സഭ

എറണാകുളം അങ്കമാലി ബസിലിക്കയിലെ സംഘര്‍ഷം; അപലപിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ തന്റെ ദൗത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം കത്തീഡ്രല്‍ ബസിലിക്ക സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സീറോ മലബാര്‍സഭ സെക്രട്ടറി ഫാ. ഡോ. വി.സി ആന്റണി വടക്കേകര പറഞ്ഞു.

പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവര്‍ തന്നെ അദേഹത്തെ തടയുന്നതും പ്രതിഷേധ സമരങ്ങള്‍ നടത്തുന്നതും തീര്‍ത്തും അപലപനീയമാണ്. അദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവ വിരുദ്ധവുമായ രീതികളാണെന്നും അതിന് നേതൃത്വം നല്‍കിയവരെയും പങ്കെടുത്തവരെയും ഓര്‍മപ്പെടുത്തുന്നതായാണ് സീറോ മലബാര്‍സഭ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ഏത് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണെങ്കിലും ക്രൈസ്തവരുടെ സംസ്‌കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറേണ്ടതാണ്. കത്തീഡ്രല്‍ ബസിലിക്കയുടെ പരിസരം സമരവേദിയാക്കുന്നതും സഭാപരമായ അച്ചടക്കത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിച്ചതുമായ ഇത്തരം സമരമാര്‍ഗ്ഗത്തിലൂടെ തിരുസഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്.

പൊന്തിഫിക്കല്‍ ഡെലഗേറ്റിനോടുള്ള അനാദരവും എതിര്‍പ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണ്. അത്യന്തം നീചവും നിന്ദ്യവുമായ പദപ്രയോഗങ്ങളിലൂടെ തന്നെ അവഹേളിക്കുമ്പോഴും പരിശുദ്ധ കുര്‍ബാനയും കയ്യില്‍ പിടിച്ച് പ്രാര്‍ത്ഥനാപൂര്‍വം എതിര്‍പ്പുകളെ നേരിട്ട പൊന്തിഫിക്കല്‍ ഡെലഗേറ്റ് ഉദാത്തമായ ക്രൈസ്തവ സാക്ഷ്യമാണ് നമുക്ക് നല്‍കിയത്. അദേഹത്തോട് അനാദരവ് കാണിച്ചവര്‍ ക്ഷമാപണം നടത്തുകയും തെറ്റുകള്‍ തിരിച്ചറിഞ്ഞ് പ്രാദേശികമായ സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവെച്ച് സഭയോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കണമെന്നും പറയുന്നു.

ഇത്തരം സമര ആഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ സ്ഥാപിത താത്പര്യങ്ങളും സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢ പദ്ധതികളും വിശ്വാസി സമൂഹം മനസിലാക്കുകയും പിന്മാറുകയും ചെയ്യേണ്ടതാണ്. ആയതിനാല്‍ ഇത്തരം സമരങ്ങള്‍ക്ക് ഇറങ്ങുന്ന വൈദികരും അല്മായരും സഭാപരമായ അച്ചടക്കം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായാണ് സീറോ മലബാര്‍സഭ ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.