തിരുവനന്തപുരം: പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാരിനെ വിമർശിച്ചാൽ വേട്ടയാടുന്ന നിലപാടാണ് നിലവിലുള്ളത്. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. താൻ ഭയപ്പെടുന്നില്ല. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കില്ല. സർക്കാരിന്റെ കൊള്ളയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും.
വിജിലൻസ് കേസ് എടുക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തേണ്ട. വിജിലൻസ് കേസിൽ ആശങ്കയില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടും. പിണറായിയുടെയും സുഹൃത്തായ മോദിയുടെയും കയ്യിലാണ് രാജ്യത്തെ മുഴുവൻ അന്വേഷണ ഏജൻസികളെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
‘മൂന്നാറിൽ ഞാൻ ഭൂമി വാങ്ങിച്ചപ്പോൾ നികുതി വെട്ടിച്ചു എന്നാണ് സിപിഎം ആരോപണം. യഥാർഥവിലയേക്കാൾ കുറച്ചു കാണിച്ചു എന്നാണ് പറയുന്നത്. ചിന്നക്കനാലിലെ ഭൂമിക്ക് സർക്കാർ നിശ്ചയിച്ച ന്യായ വിലയേക്കാൾ ആറ് ലക്ഷംരൂപ കൂടുതലായി നികുതി അടച്ചു. സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് ഒളിച്ചോടില്ല.
സിപിഎം ഉയർത്തിയ ആരോപണം ഗുരുതരമാണ്. ഞാൻ പ്രവർത്തിക്കുന്ന സ്ഥാപനം കള്ളപ്പണം വെളിപ്പിക്കുകയാണെന്നും വരുമാന സ്രോതസ് വ്യക്തമല്ലെന്നുമാണ് സിപിഎം പറയുന്നത്. 4 പങ്കാളികളാണ് എന്റെ നിയമസ്ഥാപനത്തിലുള്ളത്. അവരെയെല്ലാവരെയും സിപിഎം സംശയനിഴലിലാക്കിയിരിക്കുകയാണ്. അധ്വാനത്തിന്റെ, വിയർപ്പിന്റെ വില അറിയാത്തതിനാലാണ് സിപിഎം ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്.
രക്തം ചിന്തിയാലും വിയർപ്പ് ഒഴുക്കില്ല എന്നാണ് സിപിഎം നിലപാട്. സിപിഎം നേതാക്കൾക്ക് അധ്വാനിക്കാൻ അറിയില്ല. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്താൽ സഹിക്കില്ല. 2014–15 വർഷത്തിൽ 1.35 കോടിരൂപയായിരുന്നു നിയമസ്ഥാപനത്തിന്റെ വരുമാനം. പത്ത് ലക്ഷം രൂപ ആ വർഷം നികുതി അടച്ചു. 30 ലക്ഷമാണ് കഴിഞ്ഞവർഷം നികുതി അടച്ചത്. ഇതിനു പുറമേ വ്യക്തിപരമായും നികുതി അടച്ചു. 2.18 കോടിയിലേറെ രൂപ പത്ത് വർഷത്തിനിടെ സ്ഥാപനം നികുതി അടച്ചു. കള്ളപ്പണം വെളുപ്പിക്കലാണെന്നു മൈക്കിനു മുന്നിൽ ഇരുന്നു പറയാൻ എളുപ്പമാണ്.
സ്ഥാപനം നടത്തുന്നതിനു പിന്നിലെ അധ്വാനം വളരെ വലുതാണ്. ആരോപണം ഉന്നയിച്ച് എന്തു വേണമെങ്കിലും സിപിഎം നേതാക്കൾക്ക് തകർക്കാം. തൊഴിലാളികളുടെ വിയർപ്പുകൊണ്ടാണ് സിപിഎം നേതാക്കൾ ജീവിക്കുന്നത്. എനിക്ക് പങ്കാളിത്തമുള്ള കമ്പനിയിലേക്കു വിദേശരാജ്യത്തുനിന്നു പണം വന്നിട്ടുണ്ട്. വിദേശ കമ്പനികളുടെ കേസ് വാദിച്ചതിനാണ് ആ പണം വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.