മലയാളി നഴ്‌സുമാരെ ചേര്‍ത്തു പിടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സെല്‍ഫി

മലയാളി നഴ്‌സുമാരെ ചേര്‍ത്തു പിടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സെല്‍ഫി

ലണ്ടൻ: അധികാര പരിവേഷങ്ങളില്ലാതെ മലയാളി നഴ്സുമാരടക്കം ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങളില്ലാതെ അധികാരത്തിന്റെ യാതൊരു ഭാവവും കൂടാതെയാണ് റിഷി സുനക് സാധരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നത്. പ്രധാനമന്ത്രിയെ നേരിട്ടു കണ്ട അമ്പരപ്പിൽ സെൽഫി ചോദിച്ച ജോലിക്കാരെ റിഷി സുനക് ഞെട്ടിച്ചു. തോളിൽ കൈപിടിച്ച് സുഹൃത്തിനെപ്പോലെ ചേർത്തുപിടിച്ചാണ് പ്രധാനമന്ത്രി പോസ് ചെയ്തത്.

ബ്രിട്ടീഷ് മലയാളി നഴ്സുമാരായ മാർട്ടിന മാർട്ടിൻ, കെയ്‌സ കൊച്ചിക്കാരൻ എന്നിവർക്കാണ് ഈ ഭാഗ്യം ലഭിച്ചത്. എൻഎച്ച്എസ് മിൽട്ടൺ കെയ്ൻസ് ആശുപത്രി സന്ദർശന വേളയിലാണ് മലയാളി നഴ്‌സുമാർക്ക് ഈ അപൂർവ ഭാഗ്യം ലഭിച്ചത്.

ഒരു മാസം മുമ്പ് യുകെയിലെത്തിയ കൊച്ചി സ്വദേശി കെയ്സോ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുത്ത ഈ കൊച്ചു മിടുക്കികൾ ഇന്ന് ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളിലടക്കം താരങ്ങളായി.

മിൽട്ടൺ കെയ്‌നിലെ എൻഎച്ച്എസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി വാർഡുകളിലുള്ള രോ​ഗികളെ സന്ദർശിക്കുകയും രോഗികളുടെ ബന്ധുക്കളുമായും ജീവനക്കാരുമായും സംസാരിക്കുകയും ആശ്വാസം പകരുകയും ചെയ്തു. ശൈത്യകാലത്തിനു മുന്നോടിയായി എൻഎച്ച്എസ് ആശുപത്രികളിൽ 900 കിടക്കകൾ സുരക്ഷിതമാക്കാൻ 250 ദശലക്ഷം പൗണ്ടിന്റെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

രാജ്യത്തുടനീളം എൻഎച്ച്എസ് മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. 40 പുതിയ ആശുപത്രികൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുപോകുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.