ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ബ്രിട്ടനിലെ നഴ്‌സ് കുറ്റക്കാരി; നിർണായകമായത് സ്വന്തം എഴുത്തുകൾ; ഇനി ജീവിതകാലം മുഴുവൻ ജയിലിൽ

ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ബ്രിട്ടനിലെ നഴ്‌സ് കുറ്റക്കാരി; നിർണായകമായത് സ്വന്തം എഴുത്തുകൾ; ഇനി ജീവിതകാലം മുഴുവൻ ജയിലിൽ

ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നഴ്‌സ് കുറ്റക്കാരിയെന്ന് കണ്ടെത്തി. ജനിച്ച് ദിവസങ്ങൾ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ബ്രിട്ടീഷ് നഴ്‌സായ ലൂസി ലെറ്റ്ബി എന്ന 33കാരി കൊലപ്പെടുത്തിയത്. ഇതിനു പുറമെ ആറ് കുട്ടികളെകൂടി കൊലപ്പെടുത്താനും നഴ്സ് ശ്രമിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ഇംഗ്ലണ്ടിലെ വടക്കു പടിഞ്ഞാറൻ നഗരമായ ചെസ്റ്ററിലാണ് സംഭവം. ചെസ്റ്റർ ഹോസ്പിറ്റലിൽ നഴ്സായ ലൂസി 2015 ജൂണിനും 2016 ജൂണിനും ഇടയിലാണ് ഈ ക്രൂരകൃത്യങ്ങൾ നടത്തിയത്. നൈറ്റ് ഷിഫ്റ്റുള്ള സമയത്താണ് ഇവർ കൊല നടത്തിയിരുന്നതെന്നാണ് വിധിന്യായത്തിൽ പറയുന്നത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺ കുട്ടികളുമാണ് നഴ്‌സിന്റെ ക്രൂരതയ്ക്ക് ഇരയായത്. പത്ത് മാസം നീണ്ട വിചാരണക്കൊടുവിലാണ് വിധി.

കുട്ടികളെ കൊല്ലാൻ പല രീതികളാണ് ഇവർ സ്വീകരിച്ചത്. ചില കുട്ടികളെ ഇൻസുലിൻ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. കൂടാതെ ചിലർക്ക് വായു കുത്തിവയ്ക്കുകയും മറ്റുചിലരെ നിർബന്ധിച്ച് പാൽ കുടിപ്പിക്കുകയുമായിരുന്നു. കുട്ടികൾ മരിക്കുന്നതിന് മുൻപായി പലതവണ ഹൃദയാഘാതമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.

രോഗമൊന്നുമില്ലാത്ത നവജാത ശിശുക്കൾ തുടർച്ചയായി മരിക്കുന്നതു ശ്രദ്ധയിൽപെട്ട ഡോക്ടർമാർ നടത്തിയ അന്വേഷണമാണു ലൂസിയുടെ ക്രൂരത പുറം ലോകമറിഞ്ഞത്. അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ‘ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ പ്രാപ്തയല്ല. അതിനാൽ കൊലപ്പെടുത്തി. ഞാൻ പിശാചാണ്’ എന്നു ലൂസി തന്നെ എഴുതിവച്ച രേഖകൾ കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ലൂസി തുടർച്ചയായി നിരീക്ഷിക്കുന്നതായും പൊലീസ് കണ്ടെത്തി.

1960 കളിൽ ബ്രിട്ടനെ നടുക്കിക്കൊണ്ട് അഞ്ചോളം കുരുന്നുകളെ കൊലപ്പെടുത്തിയ മിറാ ഹിൻഡ്ലിയേയും കാമുകൻ ഇയാൻ ബ്രാഡിയേയും പിന്തള്ളിക്കൊണ്ട് ശിശുപരിചരണ നഴ്സ് ഇപ്പോൾ അധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ചൈൽഡ് സീരിയൽ കില്ലറായി മാറിയിരിക്കുകയാണ്.

ജീവൻ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം, ഇവരുടെ വധശ്രമത്തിന് ഇരയായ കുട്ടികളിൽ പലരും ഇന്നും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയാണ്. പല മാതാപിതാക്കളെയും ഇപ്പോഴും ഈ പേടിസ്വപ്നത്തിന്റെ വേട്ടയാടലിൽ നിന്നും മുക്തരാക്കിയിട്ടില്ല. തിങ്കളാഴ്‌ച്ചയായിരിക്കും ഇവർക്കുള്ള ശിക്ഷ വിധിക്കുക. ജീവിതാവസാനം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.