സാമ്പത്തിക പ്രതസന്ധിക്ക് കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ ധനകാര്യ മിസ് മാനേജ്മെന്റ്; തുറന്നടിച്ച് വി.ഡി സതീശന്‍

സാമ്പത്തിക പ്രതസന്ധിക്ക് കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ ധനകാര്യ മിസ് മാനേജ്മെന്റ്; തുറന്നടിച്ച് വി.ഡി സതീശന്‍

കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തെ ധനകാര്യ മിസ് മാനേജ്മെന്റ് ആണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിഫ്ബിക്കു വേണ്ടി അന്ന് 65,000 കോടി വായ്പയെടുത്തു, പെന്‍ഷന്‍ ഫണ്ടിനു വേണ്ടി 8000 കോടിയെടുത്തു. ഇതെല്ലാം തുടര്‍ന്നു വരുന്ന സര്‍ക്കാരിന്റെ തലയില്‍ ഇരിക്കട്ടെയെന്നു കരുതിയെന്നും അദ്ദേഹം പരിഹസിച്ചു.

സര്‍ക്കാര്‍ മാറി വന്നിരുന്നെങ്കില്‍ തങ്ങളുടെ തലയിലിരിക്കേണ്ട പ്രതിസന്ധിയാണ് ബാലഗോപാലിന്റെ തലയില്‍ വന്നിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. കേരളത്തിനു കിട്ടേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ സംസ്ഥാനത്ത് നിന്നുള്ള യുഡിഎഫ് എംപിമാര്‍ കൂടെ നിന്നില്ലെന്ന ധനമന്ത്രിയുടെ വാദം വിചിത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ധനമന്ത്രി ഡല്‍ഹിയില്‍ എത്തുമ്പോള്‍ യുഡിഎഫ് എംപിമാരെ കാണാറില്ല. നിവേദനം കൊടുക്കുന്ന കാര്യം ആരെയും അറിയിച്ചിട്ടില്ല. സ്വന്തം കഴിവു കേടു മറച്ചുവയ്ക്കാന്‍ ധനമന്ത്രി യുഡിഎഫ് എംപിമാരുടെ മെക്കിട്ടു കയറുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കിഫ്ബിയുടെ കടമെടുപ്പും പെന്‍ഷന്‍ ഫണ്ടിനു വേണ്ടിയെടുത്ത പണവും കേരളത്തിന്റെ വായ്പാ പരിധിയില്‍ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. പ്രതിപക്ഷം ഇറക്കിയ രണ്ടു ധവളപത്രങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് പെന്‍ഷന്‍ മുടങ്ങില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ബജറ്റിനു പുറത്ത് സംവിധാനമുണ്ടാക്കി കോടികള്‍ കടമെടുത്തു. അതെല്ലാം ഇപ്പോള്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്കു കാരണമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

പുതുപ്പള്ളിയില്‍ പ്രതിപക്ഷത്തെ വികസന ചര്‍ച്ചയ്ക്കു വെല്ലുവിളിക്കുകയാണ് സിപിഎം. അഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറിക്കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സംസ്ഥാന ട്രഷറി. അഞ്ച് ലക്ഷം മുടക്കി ഒരു ഓട പോലും പണിയാന്‍ പറ്റാത്ത അവസ്ഥയിലാണ്, അപ്പോഴാണ് വികസന ചര്‍ച്ചയ്ക്കു വെല്ലുവിളിക്കുന്നത്.

കെ ഫോണ്‍ പദ്ധതിയില്‍ സംസ്ഥാന ഖജനാവിന് 36 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണം. മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതു വഴിയാണ് നഷ്ടമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ചട്ടം ലംഘിച്ച് അഡ്വാന്‍സ് നല്‍കിയത്. പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തത് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തെന്ന പേരിലാണ്. അങ്ങനെയെങ്കില്‍ കെ ഫോണ്‍ കേസില്‍ മുഖ്യമന്ത്രിയും പ്രതിയാവണം. ആയിരം കോടി രൂപയുടെ പദ്ധതി കമ്പനികള്‍ക്കു വേണ്ടി 1531 കോടിയാക്കി മാറ്റി ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് സതീശന്‍ ആരോപിച്ചു.

ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയില്‍ സിപിഎം ഓഫിസ് പണിയുന്നത് ഭൂപതിവു ചട്ടം ലംഘിച്ചാണ്. ഏലമലക്കാട്ടില്‍ കെട്ടിടം പണിക്ക് വിലക്കുണ്ട്. എന്‍ഒസി ഇല്ലാതെയാണ് പണി നടക്കുന്നത്. നിയമവിരുദ്ധമായി പണിയുന്ന കെട്ടിടം ഇടിച്ചുനിരത്തണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.