റിഷി സുനക്കിന്റെ പാതയില്‍ തര്‍മാന്‍ ഷണ്‍മുഖരത്‌നം? സിംഗപ്പൂര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജന്‍

റിഷി സുനക്കിന്റെ പാതയില്‍ തര്‍മാന്‍ ഷണ്‍മുഖരത്‌നം? സിംഗപ്പൂര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജന്‍

സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ തര്‍മാന്‍ ഷണ്‍മുഖരത്‌നം സിംഗപ്പൂര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. രണ്ട് ചൈനീസ് വംശജരുള്‍പ്പെടെ മൂന്ന് പേരാണ് സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. സിംഗപ്പൂരില്‍ ജനിച്ച് വളര്‍ന്ന തര്‍മാന്‍ ഷണ്‍മുഖരത്‌നം നേരത്തെ മന്ത്രിപദവി വഹിച്ചയാളാണ്.

നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ ആറ് വര്‍ഷ കാലാവധി സെപ്റ്റംബര്‍ 13ന് അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ എന്‍ജി കോക്ക് സോംഗ്, മുന്‍ എന്‍ടിയുസി ഇന്‍കം ചീഫ് എക്സിക്യൂട്ടീവ് ടാന്‍ കിന്‍ ലിയാന്‍ എന്നിവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മറ്റ് സ്ഥാനാര്‍ഥികള്‍.

അറുപത്തിയാറുകാരനായ തര്‍മാന്‍ ഷണ്‍മുഖരത്‌നം സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. 2001 ലാണ് രാഷ്ട്രീയ പ്രവേശം. 2011 മുതല്‍ 2019 വരെ ഉപപ്രധാനമന്ത്രി, വിദ്യാഭ്യാസ-ധനകാര്യ മന്ത്രി പദങ്ങള്‍ വഹിച്ചു. ജൂലൈ 26 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തര്‍മാന്‍ രംഗത്തിറങ്ങിയത്. ഇതോടെ മറ്റ് പദവികള്‍ ഒഴിഞ്ഞു.

ആറ് പേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി മത്സരിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ നിന്നാണ് മൂന്ന് പേര്‍ യോഗ്യത നേടിയത്. യോഗ്യത നേടിയ ആളുകളെ പ്രസിഡന്റ് സ്ഥാനാര്‍ഥികളായി നാമനിര്‍ദേശം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ഓഗസ്റ്റ് 22-നാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം.

ഇതിനു മുന്‍പ് 1981 മുതല്‍ 1985 വരെ സിംഗപ്പൂരിന്റെ പ്രസിഡന്റായി മലയാളിയായ ദേവന്‍ നായര്‍ സേവനം അനുഷ്ടിച്ചിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.