ഗ്രീസിലെ കാട്ടുതീയില്‍ വനമേഖലയില്‍ 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി; കുടിയേറ്റക്കാരെന്നു സൂചന

ഗ്രീസിലെ കാട്ടുതീയില്‍ വനമേഖലയില്‍ 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി; കുടിയേറ്റക്കാരെന്നു സൂചന

ഏതന്‍സ്: വടക്കന്‍ ഗ്രീസിലെ വനമേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാട്ടുതീയില്‍ പതിനെട്ട് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. അലക്‌സാണ്ട്രോപോളിസ് നഗരത്തിനു സമീപമുള്ള അവന്താസ് ഗ്രാമത്തിലെ ഒരു കുടിലിന് സമീപത്ത് നിന്നാണ് 18 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവര്‍ കുടിയേറ്റക്കാരാണെന്നാണ് സൂചന.

ആളുകളെ കാണാതായെന്ന പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മരിച്ചവര്‍ അനധികൃതമായി ഗ്രീസില്‍ കടന്നവരാണോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് അഗ്‌നിശമനസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് അധികം അകലെയല്ലാത്ത വടക്കുകിഴക്കന്‍ ഗ്രീസിലെ എവ്‌റോസ് മേഖലയായിരുന്നു തീപിടിത്തം. തുര്‍ക്കിയില്‍ നിന്നുള്ള സിറിയന്‍, ഏഷ്യന്‍ കുടിയേറ്റക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് എവ്‌റോസ് മേഖല. അലക്സാണ്ട്രോപോളിസിന്റെ വടക്ക് ഭാഗത്തുള്ള വനപ്രദേശമായ ഡാഡിയ ദേശീയ ഉദ്യാനത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു.

ഗ്രീസിലെ മറ്റ് പ്രദേശങ്ങളിലേക്കും തീ പടരുന്നത് തുടരുകയാണ്. താപനില 39 ഡിഗ്രി സെല്‍ഷ്യല്‍സ് മറികടന്നു. കനത്ത തീയില്‍ അലക്‌സാണ്ട്രോപോളിസ് നഗരത്തിലെ ഒരു ആശുപത്രിയും ഒഴിപ്പിച്ചതായാണ് വിവരം. നവജാത ശിശുക്കളും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളും ഉള്‍പ്പെടെ നിരവധി ആളുകളെയാണ് ഒറ്റ രാത്രി കൊണ്ട് ആശുപത്രിയില്‍ നിന്നൊഴിപ്പിച്ചത്. ബോട്ട് വഴിയായിരുന്നു രോഗികളെ ഒഴിപ്പിച്ചത്. തീ അനിയന്ത്രിതമായപ്പോള്‍ തന്നെ എത്രയും വേഗം ആളുകള്‍ പ്രദേശം ഒഴിഞ്ഞു പോകണമെന്ന് മൊബൈല്‍ വഴി നിര്‍ദേശം നല്‍കിയിരുന്നു.

ഏതന്‍സിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മഠത്തിന് സമീപവും തീ പടര്‍ന്നതായാണ് സൂചന. അന്‍പതിലധികം കന്യാസ്ത്രീകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.

തെക്കന്‍ യൂറോപ്പ് കനത്ത ഉഷ്ണതരംഗത്തെ നേരിടുന്നതിനിടയിലാണ് ഗ്രീസില്‍ കാട്ടുതീ പടരുന്നത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അഗ്‌നിരക്ഷാ സേനാ അന്താരാഷ്ട്ര മാധ്യമങ്ങളോട് വിശദമാക്കി. അനധികൃത കുടിയേറ്റക്കാരുടെ സംഘം കാട്ടുതീയില്‍ പെടാനുള്ള സാധ്യത ഏറെയാണെന്നാണ് അഗ്‌നിരക്ഷാ സേന വിലയിരുത്തുന്നത്. മരണത്തില്‍ ഗ്രീസ് ഭരണകൂടം അഗാധമായ ദുഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.