ചെറുപ്രായത്തിൽ തന്നെ ജയിലിൽ, ശിക്ഷക്കുശേഷം പുടിന്റെ അനുയായി; ആരായിരുന്നു വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ ?

ചെറുപ്രായത്തിൽ തന്നെ ജയിലിൽ, ശിക്ഷക്കുശേഷം പുടിന്റെ അനുയായി; ആരായിരുന്നു വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ ?

മോസ്കോ: റഷ്യയിലെ ഏറ്റവും ശക്തനായ വിമത നേതാവ് യവ്ഗിനി പ്രിഗോഷിൻ മോസ്കോയ്ക്ക് സമീപം വിമാനാപകടത്തിൽ കൊല്ലപ്പെട്ടന്ന വാർത്ത ‍ഞെട്ടലോടെയാണ് ലോകം കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സ്വന്തം കാര്യ സാധ്യത്തിനായി വളർത്തിയെടുത്ത വാഗ്നർ കൂലിപ്പടയുടെ തലവനാണ് ഇപ്പോൾ ദുരൂഹമായ വിമാനാപകടത്തിൽ ഇല്ലാതായത്. ഒരു കള്ളനിൽ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്നയാളാണ് പ്രിഗോഷിൻ.

പുടിന്റെ  ജന്മസ്ഥലമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യവ്ഗിനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തു തന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി. പതിനെട്ടാം വയസിൽ ജയിലിലായി. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും വീണ്ടും കവർച്ചയ്ക്ക് പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയ വ്യക്തിയായി മാറി.

ആദ്യം ബർഗർ വിൽക്കുന്ന കട തുടങ്ങി. കച്ചവടം മെച്ചപ്പെട്ടപ്പോൾ സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ആ സമയത്താണ് പുടിനുമായി സൗഹൃദത്തിലാകുന്നത്. പിന്നീടുള്ള വളർച്ച കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിലായിരുന്നു. 2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. പുടിനോട് വിധേയപ്പെട്ടതിന്റെ പേരിൽ പ്രിഗോഷിനെ പുട്ടിന്റെ പാചകക്കാരൻ എന്ന് പോലും നാട്ടുകാർ പരിഹസിച്ചിരുന്നു. അത് അഭിമാനമാണെന്നായിരുന്നു അന്ന് പ്രിഗോഷിൻ പറഞ്ഞത്.

ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്ഗിനി പ്രിഗോഷിൻ ക്രൂരനായ വ്യക്തിയായാണെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്. 2014 ൽ യുക്രൈനിലെ ക്രിമിന പെനിൻസുലയിൽ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്നർ സംഘത്തിന്റെ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വർഷം കൊണ്ട് 50,000 ത്തിലേറെ പേർ ഉൾപ്പെടുന്ന കൂട്ടമായി മാറി.

2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാൻ വാഗ്നർ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിൽ പതിനായിരം പേർ കോൺട്രാക്ടേഴ്‌സും 40,000 പേർ കുറ്റവാളികളുമാണ് എന്നാണ് റിപ്പോർട്ടുകൾ. കുറ്റവാളികളെ ജയിലിൽ നിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധ മുഖത്തിലെത്തിയവർക്ക് ജയിൽ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടു വെക്കുന്നത്. റഷ്യയിലെ ഉൾ നാടൻ പ്രദേശമായ മോൾക്കിനിയിൽവെച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നതെന്നും റിപ്പോർട്ട് വന്നിരുന്നു.

ഇവരാണു കിഴക്കൻ യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി റഷ്യൻ സൈനിക നേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പ്രിഗോഷിൻ പരസ്യ വിമർശനം ഉയർത്തിയിരുന്നു. ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് വഴിതെളിച്ചു. തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു റഷ്യൻ സൈന്യത്തിനെതിരെയുളള പ്രിഗോഷിന്റെ പ്രധാന പരാതി.

യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതിൽ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ വാഗ്നർ ഗ്രൂപ്പും റഷ്യൻ സൈന്യവും ഓന്നിച്ചായിരുന്നു പോരാടിയത്. എന്നാൽ ബക്മൂത് സ്വന്തമാക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്നർ സം​ഘം ഉയർത്തി. മാത്രമല്ല, യുദ്ധം ഒന്നരവർഷം പൂർത്തിയാവുമ്പോഴേക്കും വാഗ്നർ ഗ്രൂപ്പിന് വലിയ സെെനിക നഷ്ടമുണ്ടായി. സൈന്യത്തിൽ ആൾ നാശമുണ്ടായെങ്കിലും ജയിലുകളിൽ നിന്നുള്ള തടവു പുള്ളികളുടെ റിക്രൂട്ട്‌മെന്റിന് കൂടെ തടസ്സമായതോടെ ആഭ്യന്തര സംഘർഷം രൂക്ഷമായി.

ജൂൺ 23 ന് പുടിനെതിരെ പ്രിഗോഷിന്റെ കൂലിപ്പട്ടാളം തുടങ്ങിവെച്ച കലാപം ബെലാറൂസ് ഇടപെട്ട് ആണ് അവസാനിപ്പിച്ചത്. അതിനു ശേഷം പുട്ടിനും പ്രിഗോഷിനും നേരിൽ കണ്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. ആ കൂടിക്കാഴ്ചയിൽ പുടിൻ പ്രിഗോഷിനോട് ഇനി റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കണം എന്നാവശ്യപ്പെട്ടിരുന്നു. വാഗ്നർ കൂലിപ്പടയുടെ പ്രവർത്തനം ഇനി ഉണ്ടാകില്ലെന്ന് പുടിൻ വ്യക്തമാക്കുകയും ചെയ്തു.

റഷ്യൻ സൈന്യത്തിൽ ചേരുന്നത് തന്റെ പടയാളികൾ ഇഷ്ടപ്പെടില്ല എന്നായിരുന്നു പ്രിഗോഷിൻ അന്ന് പറഞ്ഞത്. പുടിനോട് അങ്ങനെ മറുപടി പറഞ്ഞ പ്രോഗോഷിന് ഇനി അധികം ആയുസ് ഇല്ലെന്ന് അന്നു തന്നെ ചില ലോക മാധ്യമങ്ങൾ വിധി എഴുതിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.