തിരുവോണ നാളിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ഇനി വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് പൊന്നോണത്തിനായുള്ളത്. ഓണത്തിന്റെ പ്രധാന ഘടകങ്ങള്‍ അത്തപ്പൂക്കളവും ഓണ സദ്യയുമാണ്. അത്തം മുതല്‍ പത്താം നാള്‍ തിരുവോണം വരെയുള്ള അത്തപ്പൂക്കളമിടല്‍ തിരുവോണത്തെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങളാണ്. സദ്യയില്ലാത്ത ഓണം മലയാളികള്‍ക്ക് ചിന്തിക്കാനാകില്ല. എല്ലാ ചിട്ടവട്ടങ്ങളോട് കൂടിയും വിഭവങ്ങളോട് കൂടിയുമാണ് ഓണസദ്യ ഒരുക്കുന്നത്.
സദ്യ ഉണ്ണുന്നതിനും ഒരു ശാസ്ത്രമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. കേരളത്തിലുടനീളം ഇതില്‍ വ്യത്യാസങ്ങളും നിലനില്‍ക്കുന്നു. 26-ല്‍ അധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ എന്ന് വേണമെങ്കില്‍ പറയാം.
പഴം, പപ്പടം, ശര്‍ക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവയാണ് ഇലയിലേക്ക് ആദ്യം വിളമ്പേണ്ടത്. ഇതിന് ശേഷം മാങ്ങ, ഇഞ്ചി, നാരങ്ങ, തോരന്‍, ഓലന്‍, അവിയല്‍, പച്ചടി, കിച്ചടി, എരുശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തില്‍ വിളമ്പണം. കുത്തരിയാണ് മിക്കവാറും ഓണനാളില്‍ ഉപയോഗിക്കുക. ഓണ സദ്യയിലെ ചില വിഭവങ്ങള്‍ക്ക് അതിന്റെതായ ചില ആരോഗ്യഗുണങ്ങളുമുണ്ട്. ഇവ എന്തെല്ലാമെന്ന് നോക്കാം...
പരിപ്പ്, പപ്പടം,നെയ്യ്
സദ്യയില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളാണ് പരിപ്പ്, പപ്പടം,നെയ്യ് എന്നിവ. ഇവ മൂന്നും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കാറുള്ളത്. ഇതില്‍ ഇരുമ്പും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. പരിപ്പില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായകമാണ്. നെയ്യില്‍ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ കാഴ്ച്ചയ്ക്കും ചര്‍മ്മത്തിനും ഇവ ഏറെ ഗുണം ചെയ്യും.
സാമ്പാര്‍
സാമ്പാര്‍ സദ്യയിലെ മറ്റൊരു വിഭവമാണ്. ഇതിന് സ്വാദിന് പുറമേ മറ്റ് ചില ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പലതരം പച്ചക്കറികളുടെ ചേരുവയാണ് സാമ്പാര്‍. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം അകറ്റുന്നതിന് സഹായകമാണ്.
ഇഞ്ചിക്കറി
ദഹനത്തെ സഹായിക്കുന്നതില്‍ ഇഞ്ചിക്കറി പ്രധാനമാണ്. ഇഞ്ചിയിലുള്ള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. വിറ്റാമിന്‍ എ,ഡി, ഇ,ബി, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
അച്ചാറുകള്‍
നാരങ്ങാ, മാങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഫ്ളൈവനോയ്ഡ് എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്. ധാതുലവണങ്ങള്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം എന്നിവയും ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
കിച്ചടി
വെള്ളരിക്ക, ബീറ്റ്റൂട്ട് എന്നിവ ഉപയോഗിച്ച് തയാറുക്കുന്ന കിച്ചടിയില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇതില്‍ വെള്ളരിക്ക ശരീരത്തെ വിഷാംശത്തെ പുറന്തള്ളുന്നതിന് സഹായിക്കും. ബീറ്റ്റൂട്ട് ചര്‍മ്മത്തിന് ഗുണകരമാണ്.
പച്ചടി
പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയ്യാറാക്കാറുണ്ട്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
അവിയല്‍
വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് അവിയല്‍ എന്ന് പറയാം. പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് പരിഹരിക്കുന്നതിനും വളരെയധികം സഹായകമാണ്.
പുളിശേരിയും മോരും
മോരില്‍ ധാരാളം കാത്സ്യവും വിറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുള്ളതിനാല്‍ അവ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നതിന് സഹായിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.