മുസഫര്‍നഗര്‍: മുസ്ലീം കുട്ടിയെ തല്ലാന്‍ സഹപാഠികളോട് ആവശ്യപ്പെട്ട അധ്യാപികയുടെ വീഡിയോ വൈറലായതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് നേതാവും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാര്‍, ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി 20 സമ്മേളനത്തില്‍ ആ വീഡിയോ പ്രദര്‍ശിപ്പിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ബി.ജെ.പി പടര്‍ത്തുന്ന വിദ്വേഷത്തില്‍ നിന്ന് അധ്യാപകരും മുക്തരായിട്ടില്ലെന്നും രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്ന ബിജെപി അജണ്ടയുടെ ഫലമാണ് വിദ്യാര്‍ഥികളോട് സഹപാഠിയെ അടിക്കാന്‍ അധ്യാപിക ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസഫര്‍നഗറില്‍ നിന്നുള്ള ഒരു വൈറല്‍ വീഡിയോയില്‍, ഒരു അധ്യാപിക ന്യൂനപക്ഷ സമുദായത്തിലെ കുട്ടിയെ മറ്റ് കുട്ടികളെ ഉപയോഗിച്ച് മര്‍ദിക്കുന്നതായി കണ്ടു. ഇതില്‍ ആ സ്ത്രീ ഇരട്ട കുറ്റം ചെയ്തിരിക്കുന്നു. ഒന്ന് അവള്‍ കുട്ടിയെ തല്ലുന്നു, മറ്റ് കുട്ടികളെയും അക്രമാസക്തരാക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ വിദ്വേഷ അജണ്ട ശരിയാണെന്ന് തെളിയിക്കാന്‍ ജി 20 യോഗത്തില്‍ ഈ വീഡിയോ കാണിക്കണം. ഇത്തരമൊരു അധ്യാപിക, അധ്യാപക സമൂഹത്തിന് കളങ്കമാണ്. ആ അധ്യാപികയെ ശിക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ അധ്യാപകരും ശബ്ദമുയര്‍ത്തണമെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
മുസഫര്‍നഗര്‍ കുബ്ബപൂരിലെ നേഹ പബ്ലിക് സ്‌കൂളിലായിരുന്നു രാജ്യത്തെ പിടിച്ചുലച്ച സംഭവം. ക്ലാസ് മുറിയില്‍ മുസ്ലീം വിദ്യാര്‍ഥിയെ എഴുന്നേല്‍പിച്ച് നിര്‍ത്തിയ അധ്യാപിക, മറ്റുവിദ്യാര്‍ഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മര്‍ദനത്തിനിരയായ ഏഴുവയസുകാരന്‍ പറഞ്ഞു. തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഈ ക്രൂരകൃത്യം നടത്തിയത്.
അധ്യാപിക വിദ്വേഷ കുറ്റകൃത്യത്തിനിരയാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ എല്ലാ മുക്കിലും മൂലകളിലും തീയിടാന്‍ ബി.ജെ.പി പകരുന്ന എണ്ണയാണ് അവിടെയും ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ കുട്ടികളുടെ മനസില്‍ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂള്‍ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു. രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാള്‍ മോശമായി ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇന്ത്യയുടെ എല്ലാ കോണിലും തീയിടാന്‍ ബി.ജെ.പി പകരുന്ന അതേ മണ്ണെണ്ണയാണ് ഇവിടെയും ഒഴിച്ചത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് സ്‌നേഹിക്കാന്‍ പഠിപ്പിക്കാം' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.