ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ്: മഡഗാസ്കറിലെ സ്റ്റേഡിയത്തിൽ തിരക്കിൽപെട്ട് 12 പേർ മരിച്ചു; 80ലധികം പേർക്ക് പരിക്ക്

ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ്: മഡഗാസ്കറിലെ സ്റ്റേഡിയത്തിൽ തിരക്കിൽപെട്ട് 12 പേർ മരിച്ചു; 80ലധികം പേർക്ക് പരിക്ക്

മഡഗാസ്‌കർ: മഡഗാസ്കറിലെ അൻറാനാനറിവോ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിക്കുകയും 80ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 50,000 ത്തോളം കാണികൾ എത്തിയ ബരിയ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് തിക്കും തിരക്കും ഉണ്ടായത്.

വെള്ളിയാഴ്ച നടന്ന സംഭവത്തിന് ശേഷം പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണെന്ന് പ്രധാനമന്ത്രി ക്രിസ്റ്റ്യൻ എന്റ്റ്‌സെ വ്യക്തമാക്കി. അത്ലറ്റിക്സ് ട്രാക്കിന് സമീപം പരിക്കേറ്റവരെ റെഡ് ക്രോസ് പ്രവർത്തകർ പരിചരിക്കുന്ന വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കവാടത്തിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നെന്ന് റെഡ് ക്രോസിന്റെ കമ്മ്യൂണിക്കേഷൻസ് മാനേജർ ആന്റ്സ ​​മിറാഡോ പറഞ്ഞു. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലും പെട്ടത് എങ്ങനെയാണെന്ന് വ്യക്തമല്ല. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സെപ്റ്റംബർ മൂന്ന് വരെ മഡഗാസ്കറിൽ നടക്കുന്ന ഒരു മൾട്ടി ഡിസിപ്ലിനറി മത്സരമാണ് ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ്. തെക്ക്-പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ ദ്വീപുകളിൽ ഏകദേശം 40 വർഷമായി ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ് അരങ്ങേറുന്നു. നാല് വർഷം കൂടുമ്പോഴാണ് ഇത് നടക്കുന്നത്. മൗറീഷ്യസിലാണ് കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ് നടന്നത്.

അൻറാനാനറിവോ സ്റ്റേഡിയത്തിലെ മരണങ്ങൾ മഡഗാസ്‌കറിന് അപരിചിതമല്ല. ഏകദേശം 28 ദശലക്ഷത്തോളം നിവാസികളുള്ള ദ്വീപിലെ ഏറ്റവും വലിയ ബരിയ സ്റ്റേഡിയം 2019ലും സമാനമായ ദുരന്തം നേരിട്ടിരുന്നു. രാജ്യത്തിൻറെ ദേശീയ അവധി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ 16 പേർ മരിക്കുകയും ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. 2016 ൽ ഇതേ ബരിയ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.