ഓസ്ട്രേലിയയില്‍ സൈനികാഭ്യാസത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് അമേരിക്കന്‍ നാവികര്‍ മരിച്ചു

ഓസ്ട്രേലിയയില്‍ സൈനികാഭ്യാസത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് അമേരിക്കന്‍ നാവികര്‍ മരിച്ചു

ഡാര്‍വിന്‍ (ഓസ്‌ട്രേലിയ): ഓസ്ട്രേലിയയില്‍ സൈനികാഭ്യാസത്തിനിടെ യു.എസ്. ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് അമേരിക്കന്‍ നാവിക സേനാംഗങ്ങള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ബെല്‍ ബോയിങ് വി 22 ഓസ്പ്രേ ടില്‍ട്രേറ്റര്‍ ഹെലികോപ്റ്റാണ് പ്രാദേശിക സമയം 9.30ന് നോര്‍ത്തേണ്‍ ടെറിട്ടറിയിലെ തിവി ദ്വീപുകളില്‍ തകര്‍ന്നു വീണത്. 23 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ഡാര്‍വിനിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓസ്ട്രേലിയ, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, കിഴക്കന്‍ ടിമോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 2,500 സൈനികര്‍ പങ്കെടുത്ത സൈനികാഭ്യാസത്തിനിടെയായിരുന്നു അപകടമെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഏതു ദുര്‍ഘടമായ പ്രതലങ്ങളിലും ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും ശേഷിയുള്ള ഒരു നൂതന അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററാണ് ബെല്‍ ബോയിംഗ് വി-22 ഓസ്‌പ്രേ.

അപകടമുണ്ടായത് ഏറെ ദാരുണമായ സംഭവമാണെന്നും പരിക്കേറ്റവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കി നല്‍കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പസഫിക്കിലെ പ്രധാന സഖ്യകക്ഷികളായ അമേരിക്കയും ഓസ്ട്രേലിയയും അടുത്ത വര്‍ഷങ്ങളിലായി തങ്ങളുടെ സൈനിക സഹകരണം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ക്വീന്‍സ് ലാന്‍ഡ് തീരത്തെ കടലില്‍ സംയുക്ത സൈനികാഭ്യാസത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് ഓസ്ട്രേലിയന്‍ സൈനികര്‍ മരിച്ചിരുന്നു. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍, ഫ്രാന്‍സ് ജര്‍മ്മനി ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങളും 30,000 ലധികം ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത സൈനികാഭ്യാസത്തിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ അരിസോന അതിര്‍ത്തിക്കടുത്ത മരുഭൂമിയില്‍ ഓസ്പ്രേ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് നാവികര്‍ മരിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നാറ്റോ സൈനികാഭ്യാസത്തിനിടെ നോര്‍വീജിയന്‍ നഗരത്തിനടുത്ത് ഓസ്പ്രേ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് നാവികരും മരിച്ചിരുന്നു. ഇതോടെ ഇത്തരം ഹെലികോപ്റ്ററുകളുടെ സുരക്ഷിതത്വം ചോദ്യചിഹ്നമായിരിക്കുകയാണ്.

അപകടം നടന്നത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി സ്ഥിരീകരിച്ചു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.